ന്യൂഡല്‍ഹി : ഡൽഹിയിലെ മുണ്ട്കയില്‍ വാണിജ്യ കെട്ടിടത്തിന് തീപിടിച്ച് 27 പേര്‍ വെന്തുമരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി നരേന്ദ്ര മോദി. "ഡൽഹിയിലെ ദാരുണമായ സംഭവത്തില്‍ അങ്ങേയറ്റം ദുഃഖമുണ്ട്. എന്‍റെ മനസ് ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാര്‍ഥിക്കുന്നു" - മോദി ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 വീതവും നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. "ഡൽഹിയിലെ മുണ്ട്കയിലുണ്ടായ തീപിടിത്തം ഏറെ ദുഃഖകരമാണ്. ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഭരണകൂടം രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. എൻഡിആർഎഫും ഉടൻ തന്നെ അവിടെ എത്തുന്നുണ്ട്. ആളുകളെ ഒഴിപ്പിക്കുകയും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകുകയും ചെയ്യുക എന്നതിനാണ് മുൻഗണന" - അമിത് ഷാ ട്വീറ്റ് ചെയ്‌തു.