ന്യൂഡല്‍ഹി:ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ആര്‍ആര്‍ടിഎസ് ഇടനാഴി ഒക്‌ടോബര്‍ 20ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും. ഇന്ത്യയിൽ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്‌റ്റത്തിന്‍റെ (ആർആർടിഎസ്) സമാരംഭം കൂടിയാവുന്ന റാപിഡ് എക്‌സ് ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങും ഉത്തർപ്രദേശിലെ സാഹിബാബാദ് റാപ്പിഡ്എക്‌സ് സ്‌റ്റേഷനിൽ രാവിലെ 11.15നാണ് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യുക. സാഹിബാദ് മുതല്‍ ദുഹായ് ഡിപ്പോ വരെ ബന്ധിപ്പിക്കുന്ന റാപ്പിഡ് എക്‌സ് ട്രെയിനാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുക.
തുടര്‍ന്ന് ഉച്ചക്ക് 12 മണിക്ക് സാഹിബാദില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിലും പ്രധാനമന്ത്രി സംസാരിക്കും. ഈ പരിപാടിയില്‍ ആര്‍ആര്‍ടിഎസ് സംവിധാനവും ബെംഗളൂരു മെട്രോയുടെ കിഴക്ക് പടിഞ്ഞാറന്‍ ഇടനാഴിയും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും.
എന്താണ് ആർആർടിഎസ്: ലോകോത്തര ഗതാഗത ഇൻഫ്രാസ്ട്രക്ചർ നിർമാണത്തിലൂടെ രാജ്യത്തെ പ്രാദേശിക കണക്റ്റിവിറ്റി വികസിപ്പിക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്‌റ്റം (ആർആർടിഎസ്) എന്ന പദ്ധതിയെത്തുന്നത്. റെയിൽ അധിഷ്ഠിത സെമി-ഹൈ-സ്‌പീഡ്, ഹൈ ഫ്രീക്വന്‍സി കമ്മ്യൂട്ടര്‍ ട്രാന്‍സിറ്റ് സിസ്‌റ്റമാണ് ആര്‍ആര്‍ടിഎസ്. മണിക്കൂറില്‍ 180 കിലോമീറ്ററാണ് ഇതിന്‍റെ വേഗത. ഓരോ 15 മിനിറ്റിലും സ്‌റ്റേഷനിലെത്തുന്ന അതിവേഗ ട്രെയിനിന് ഒരുവശത്ത് നിന്നും മറ്റൊരു വശത്തേക്ക് അഞ്ച് മിനിറ്റില്‍ എത്തിച്ചേരാനാവും. മാത്രമല്ല 30,000 കോടിയിലധികം രൂപയാണ് ചെലവ് വരുന്നത്.