ന്യൂഡല്‍ഹി: ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്നതിനിടെ രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. ഞായറാഴ്‌ച 3,194 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മെയ് 20 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. തലേ ദിവസത്തേക്കാള്‍ 17 ശതമാനം വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 4.59 ശതമാനമാണ്. പോസിറ്റിവിറ്റി നിരക്ക് തുടര്‍ച്ചയായി രണ്ട് ദിവസം അഞ്ച് ശതമാനം റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.
കഴിഞ്ഞ തിങ്കളാഴ്‌ച 331 കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. വ്യാഴാഴ്‌ച പ്രതിദിന നിരക്ക് ആയിരം കടന്നു. ഒമിക്രോണ്‍ കേസുകള്‍ കുത്തനെ ഉയരുന്നതിനിടെയാണ് കൊവിഡ് കേസുകളിലും വര്‍ധനവ്. പുതിയ കേസുകള്‍ ഒമിക്രോണ്‍ മൂലമാണെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ വാദം.