ഹൈദരാബാദ്:ഡല്‍ഹി മദ്യനയക്കേസില്‍ സിബിഐക്ക് മുന്നില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ മകളും എംഎല്‍സിയുമായ കെ കവിത. ഔദ്യോഗിക തിരക്കുകളെ തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. ഡിസംബര്‍ 11, 12, 14 അല്ലെങ്കില്‍ 15 തീയതികളില്‍ വസതിയില്‍ വച്ച് ചോദ്യം ചെയ്യലിന് തയ്യാറാണെന്നും കവിത സിബിഐയെ അറിയിച്ചിട്ടുണ്ട്.
ഡല്‍ഹി മദ്യനയ അഴിമതിക്കേസ് അന്വേഷിക്കുന്ന സിബിഐ ഡിസംബര്‍ രണ്ടിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ടിആര്‍എസ് നേതാവിന് നോട്ടിസ് അയച്ചത്. ഡിസംബര്‍ 6 ന് 11 മണിക്ക് ഹാജരാകാനായിരുന്നു നിര്‍ദേശം. കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഡൽഹി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ തന്‍റെ പേര് ഉയർന്നതിന് പിന്നാലെ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് കവിത വ്യക്തമാക്കിയിരുന്നു.
ഡൽഹി മദ്യനയക്കേസ്:ഡൽഹിയിൽ ചില്ലറ മദ്യവിൽപ്പന മേഖലയിൽ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞ് സ്വകാര്യ മേഖലയ്ക്ക് കടന്നുവരാന്‍ വഴിയൊരുക്കിയതായിരുന്നു ഡൽഹി എക്സൈസ് നയം 2021-22. എന്നാല്‍ ഇത് നടപ്പാക്കിയതിൽ അഴിമതി നടന്നുവെന്നാണ് സിബിഐ ഫയല്‍ ചെയ്‌തിരിക്കുന്ന കേസ്. ലൈസൻസ് സ്വന്തമാക്കുന്നവര്‍ക്ക് അനാവശ്യമായ ആനുകൂല്യങ്ങൾ നൽകൽ, ലൈസൻസ് ഫീസിൽ ഇളവ്/കുറവ്, കൈക്കൂലി വാങ്ങി എൽ-1 ലൈസൻസ് നീട്ടി നല്‍കല്‍ തുടങ്ങിയ ആരോപണങ്ങളാണ് ഇതില്‍ ഉയരുന്നത്.