ന്യൂഡല്‍ഹി: ജോലി സമയത്ത് നഴ്‌സുമാര്‍ മലയാളം സംസാരിയ്ക്കരുതെന്ന് സര്‍ക്കുലര്‍ ഇറക്കി ഡല്‍ഹി ആശുപത്രി. ഗോവിന്ദ് ഭല്ലബ് പന്ത് ആശുപത്രിയാണ് വിവാദ സര്‍ക്കുലര്‍ ഇറക്കിയത്. ആശയവിനിമയത്തിന് ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ മാത്രം ഉപയോഗിയ്ക്കാനും മറ്റുള്ളവ സംസാരിച്ചാല്‍ കര്‍ശന നടപടി സ്വീകരിയ്ക്കുമെന്നുമാണ് ഉത്തരവിലുള്ളത്.
പ്രതിഷേധവുമായി നേതാക്കള്‍
വിവാദ സര്‍ക്കുലര്‍ പിന്‍വലിയ്ക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആശുപത്രി നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് എംപിമാരായ കെ.സി വേണുഗോപാലും ശശി തരൂരും രംഗത്തെത്തി. സര്‍ക്കുലര്‍ വിചിത്രവും ഭരണഘടന വിരുദ്ധവുമാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ഒരേ പ്രദേശത്ത് നിന്ന് വരുന്നവര്‍ ഒരേ ഭാഷ സംസാരിയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആശുപത്രി പുറത്തിറക്കിയ സര്‍ക്കുലര്‍ വിവേചനപരവും മൗലികാവകാശത്തിനെതിരാണെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. സര്‍ക്കുലര്‍ മനുഷ്യാവകാശ ലംഘനമാണെന്ന് ശശി തരൂര്‍ എംപി ട്വീറ്റ് ചെയ്‌തു. ജനാധിപത്യ ഇന്ത്യയിൽ നഴ്‌സുമാരോട് അവരുടെ മാതൃഭാഷയിൽ സംസാരിക്കരുതെന്ന് ഒരു സർക്കാർ സ്ഥാപനം പറയുന്നു എന്നത് മനസ്സിനെ വല്ലാതെ അലട്ടുന്നു. ഇത് ഒരിയ്ക്കലും സ്വീകാര്യമല്ല. അപരിഷ്‌കൃതവും കുറ്റകരവും മനുഷ്യാവകാശ ലംഘനവുമാണ് സര്‍ക്കുലറെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.