ന്യൂഡൽഹി:രാജ്യ തലസ്ഥാനത്തെ രൂക്ഷമായ കൊവിഡ് സാഹചര്യം കണക്കിലെടുത്ത്, എല്ലാ ബഞ്ചുകളും 2021ൽ സമർപ്പിക്കപ്പെട്ട അടിയന്തര കേസുകള്‍ മാത്രമേ പരിഗണിക്കൂവെന്ന് ഡൽഹി ഹൈക്കോടതി. ഇനിയൊരറിയിപ്പുണ്ടാകും വരെ ഇത്തരത്തിൽ തുടരാനാണ് തീരുമാനം. ഇതുസംബന്ധിച്ച് ഞായറാഴ്ച ഹൈക്കോടതി പ്രസിദ്ധീകരിച്ച സർക്കുലർ ഏപ്രിൽ 19 മുതൽ പ്രാബല്യത്തിൽ വരും.
അടിയന്തര കേസുകളേ പരിഗണിക്കൂവെന്ന് ഡൽഹി ഹൈക്കോടതി - കൊവിഡ്
രാജ്യ തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ തീരുമാനം.
![അടിയന്തര കേസുകളേ പരിഗണിക്കൂവെന്ന് ഡൽഹി ഹൈക്കോടതി delhi high court DN Patel delhi news ഡൽഹി ഹൈക്കോടതി അടിയന്തിര കാര്യങ്ങൾ മാത്രമേ പരിഗണിക്കൂ; ഡൽഹി ഹൈക്കോടതി കൊവിഡ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11450362-960-11450362-1618748051628.jpg)
തീർപ്പുകൽപ്പിച്ചിട്ടില്ലാത്ത അടിയന്തരമല്ലാത്ത മറ്റ് കാര്യങ്ങൾ, 2020 മാർച്ച് 22നും ഡിസംബർ 31നുമിടയിൽ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹര്‍ജികള്‍ എന്നിവ ഏറ്റെടുക്കില്ലെന്നും അത്തരം കാര്യങ്ങൾ 'എൻ ബ്ലോക്ക്' എന്ന പേരിൽ മാറ്റിവയ്ക്കുമെന്നും സർക്കുലറിൽ പറയുന്നു. തീർപ്പുകൽപ്പിക്കാത്ത കാര്യങ്ങൾ അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യത്തിൽ അതിനുള്ള അഭ്യർത്ഥന സർക്കുലറിൽ ചേർത്തിട്ടുള്ള ലിങ്കിലൂടെ നൽകാമെന്നും ഹൈക്കോടതി അറിയിച്ചു.
അതേസമയം, ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരില്‍ രോഗബാധ കണ്ടെത്തിയിരുന്നു. കൊവിഡ് കേസുകളുടെ വർധന കണക്കിലെടുത്ത് ഡൽഹി ഹൈക്കോടതി ബാർ അസോസിയേഷൻ, ഓഫിസ് അടച്ചുപൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്.