ന്യൂഡല്‍ഹി:ശ്രദ്ധവാക്കര്‍ കൊലപാതക കേസിലെ കുറ്റപത്രത്തിലെ ഉള്ളടക്കം പ്രദര്‍ശിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ ഒരു വാര്‍ത്ത ചാനലും കുറ്റപത്രം പ്രദര്‍ശിപ്പിക്കുവാന്‍ പാടുള്ളതല്ല എന്ന് ജസ്‌റ്റിസ് രാജ്‌നിഷ് ഭട്‌നഗര്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതക കേസിലെ കുറ്റപത്രത്തിലുള്ള രഹസ്യവിവരങ്ങളും കേസിന്‍റെ അന്വേഷണ ഘട്ടത്തില്‍ ശേഖരിച്ച മറ്റ് വിവരങ്ങളും പ്രിന്‍റ് ചെയ്യുന്നതിലും പ്രസിദ്ധീകരിക്കുന്നതിലും പ്രദര്‍ശിപ്പിക്കുന്നതിലും നിന്ന് മാധ്യമങ്ങളെ തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.
നാര്‍ക്കോ വീഡിയോ ആജ് തക്കിന്: കൊലപാതക കേസിലെ പ്രതി അഫ്‌താബ് പൂനവാലയുടെ നാര്‍ക്കോ വിശകലന വീഡിയോകള്‍ ആജ് തക്ക് വാര്‍ത്താചാനലിന് ലഭിച്ചിട്ടുണ്ടെന്നും ഇത്തരം ഉള്ളടക്കങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് ചാനലിനെ വിലക്കണമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് വാദിച്ചു. എന്നിരുന്നാലും വീഡിയോ മറ്റുള്ളവര്‍ പ്രചരിപ്പിക്കുവാനുള്ള സാധ്യതയുണ്ടെന്നും അത് വഴി കേസിനെ ബാധിക്കുമെന്നും അതിനാല്‍, എല്ലാ ചാനലുകള്‍ക്കും വിലക്കേര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഓഗസ്‌റ്റ് മൂന്നിന് കോടതി കേസ് പരിഗണിക്കുവാനായി മാറ്റി.
അതേസമയം, ഇക്കഴിഞ്ഞ ജനുവരി 14ന് ശ്രദ്ധയുടെ അസ്ഥികളില്‍ നടത്തിയ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. യുവതിയുടെ ഒപ്പം താമസിച്ചിരുന്ന അഫ്‌താബ് പൂനവാല കൊന്ന് മൃതദേഹം കഷണങ്ങളാക്കിയത് ഈര്‍ച്ച വാള്‍ ഉപയോഗിച്ചാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി എയിംസിലായിരുന്നു പോസ്‌റ്റ്‌മോര്‍ട്ടം നടന്നത്.
അസ്ഥികളുടെ പോസ്‌റ്റ്‌മോര്‍ട്ടം നടത്താന്‍ എയിംസില്‍ ഡോക്‌ടര്‍മാരുടെ ബോര്‍ഡ് രൂപീകരിച്ചിരുന്നു. ഈ സംഘം നടത്തിയ പരിശോധനയിലാണ് ശ്രദ്ധയുടെ ശരീരം മൂര്‍ച്ചയുള്ള ഈര്‍ച്ചവാള്‍ കൊണ്ടാണ് മുറിച്ചെടുത്തതെന്ന ഫലം പുറത്തുവന്നത്. ഡല്‍ഹി പൊലീസ് അഡീഷണല്‍ കമ്മിഷണര്‍ ഡോ സാഗര്‍ പ്രീത് ഹൂഡയാണ് ഇതുസംബന്ധിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്.