ന്യൂഡൽഹി : ഓൺലൈൻ മരുന്നുകളുടെ നിയമവിരുദ്ധ വിൽപന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയും ജസ്റ്റിസ് സുബ്രമോണിയം പ്രസാദും അടങ്ങുന്ന ബെഞ്ചാണ് ആവശ്യം ഉന്നയിച്ചത്. ഇ - ഫാർമസികൾ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങൾ അഞ്ചാറ് വർഷക്കാലമായി പരിഗണയിലാണെങ്കിലും ഇതുവരെ ഒന്നും പ്രാവർത്തികമായില്ലെന്ന് ഹർജിക്കാരന്‍റെ അഭിഭാഷകൻ പറഞ്ഞു.
സമയം വേണമെന്ന് കേന്ദ്രം: ഓൺലൈൻ മരുന്നുകളുടെ നിയമവിരുദ്ധമായ വിൽപന നിരോധിക്കണമെന്നും ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രസിദ്ധീകരിച്ച കരട് ചട്ടങ്ങൾ ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു ഡൽഹി ഹൈക്കോടതി. അതേസമയം ചട്ടങ്ങൾ രൂപീകരിക്കുന്നതിനുള്ള നിർദേശം പരിഗണനയിലാണെന്നും കുറച്ച് കൂടി സമയം ആവശ്യമാണെന്നും കേന്ദ്രത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
വിഷയത്തിൽ കൂടുതൽ വാദം കേൾക്കുന്നതിനായി മേയ് 22 ലേക്ക് കേസ് മാറ്റിവച്ചിട്ടുണ്ട്. 2018 ഓഗസ്‌റ്റിലെ വിജ്‌ഞാപനത്തെ ഊന്നിയുള്ളതായിരുന്നു ഹർജി. കൃത്യമായ നിയന്ത്രണങ്ങളില്ലാതെ ഓൺലൈനിൽ മരുന്നുകൾ വിൽക്കുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ അവഗണിച്ചുകൊണ്ട് ഗുരുതരമായ നിയമ ലംഘനമാണ് കരട് നിയമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ഹർജിക്കാരനായ സഹീർ അഹമ്മദ് പറഞ്ഞു.
കോടതിയലക്ഷ്യ നടപടി വേണം: ഇ - ഫാർമസികളുടെ പ്രവർത്തനം ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നിട്ടും ഈ ഉത്തരവ് അവഗണിച്ചുകൊണ്ടാണ് പല ഇ - ഫാർമസികളും ഓൺലൈനിൽ മരുന്നുകൾ വിൽക്കുന്നത്. ഇവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും സഹീർ അഹമ്മദ് ആവശ്യപ്പെട്ടു. 2018 ഡിസംബറിലാണ് ഓൺലൈൻ ഫാർമസികൾ ലൈസൻസില്ലാതെ മരുന്നുകൾ വിൽക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്‌തത്.