ന്യൂഡൽഹി : പ്രതിപക്ഷ മുന്നണിക്ക് ഇന്ത്യ എന്ന് പേരിട്ട സംഭവത്തിൽ കോൺഗ്രസടക്കം 26 പാര്‍ട്ടികള്‍ക്ക് നോട്ടിസ് അയച്ച് ഡൽഹി ഹൈക്കോടതി. കേന്ദ്രസർക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും വിഷയത്തിൽ അഭിപ്രായം അറിയിക്കണമെന്നും നിർദേശമുണ്ട്. ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് അമിത് മഹാജൻ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് ഉത്തരവ്.
ഇന്ത്യ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ കമ്മിഷന് നൽകിയ നിവേദനത്തിൽ നടപടി എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ സമർപ്പിച്ച പൊതു താത്പര്യ ഹർജിയിലാണ് നടപടി. ഗിരീശ് ഭരദ്വാജ് എന്നയാളാണ് പൊതുതാത്പര്യ ഹർജി നൽകിയത്. വിശദമായി വാദം കേള്‍ക്കാന്‍ ഹർജി ഒക്‌ടോബർ 31ന് വീണ്ടും പരിഗണിക്കും. ബിജെപിക്കെതിരെ 26 പ്രതിപക്ഷ കക്ഷികൾ ചേർന്നാണ് ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) രൂപീകരിച്ചത്.
26 പ്രതിപക്ഷ കക്ഷികൾ : ഇന്ത്യൻ നാഷണൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, എഎപി, ജനതാദൾ (യുണൈറ്റഡ്), രാഷ്ട്രീയ ജനതാദൾ, ജാർഖണ്ഡ് മുക്തി മോർച്ച, നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ), ജമ്മു കശ്‌മീർ നാഷണൽ കോൺഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, സിപിഐ, സിപിഎം, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി , ശിവസേന (ഉദ്ധവ് താക്കറെ), സമാജ്‌വാദി പാർട്ടി, രാഷ്ട്രീയ ലോക്‌ദൾ (ആർഎൽഡി), അപ്‌നാദൾ, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം, വിടുതലൈ ചിരുതൈകൾ പാർട്ടി, കൊങ്ങുനാട് മക്കൾ ദേശായി പാർട്ടി, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ലെനിനിസ്റ്റ്), മനിതനേയ മക്കൾ കച്ചി, ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ്, കേരള കോൺഗ്രസ് (എം), കേരള കോൺഗ്രസ് (ജോസഫ്)
പേരിട്ടതിൽ നേരത്തെയും പരാതി : പ്രതിപക്ഷ മഹാസഖ്യത്തിന് INDIA (ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ്) എന്ന പേരിട്ടതിന് ഡോ. അവിനീഷ് മിശ്ര എന്നയാളും പരാതിയുമായി രംഗത്തെത്തിയിരുന്നു. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെയാണ് പരാതി ഉന്നയിച്ചത്. ഡല്‍ഹിയിലെ ബരാഖംബ പൊലീസ് സ്‌റ്റേഷനിലായിരുന്നു പരാതി നല്‍കിയത്.