ന്യൂഡൽഹി :'ഇന്ത്യ - ദ മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്‍ററി അപകീർത്തി കേസിൽ ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിങ് കോർപറേഷന് (ബിബിസി) സമൻസ് അയച്ച് ഡൽഹി ഹൈക്കോടതി. ഇന്ത്യയുടേയും രാജ്യത്തെ ജുഡീഷ്യറിയുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യശസ്സിനെ അപകീർത്തിപ്പെടുത്തുന്നതാണ് ഡോക്യുമെന്‍ററിയെന്നാണ് കേസിൽ പറയുന്നത്. വരുന്ന സെപ്‌റ്റംബർ 15ന് കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ലിസ്റ്റ് ചെയ്‌തു.
ജസ്റ്റിസ് സച്ചിൻ ദത്തയാണ്, മാനനഷ്‌ട കേസില്‍ വാദം കേട്ടത്. ബിബിസിയുടെ യുകെയിലേയും ഇന്ത്യയിലേയും ഓഫിസുകൾക്ക് നോട്ടിസ് അയയ്ക്കാന്‍ ഉത്തരവിട്ടത് ഈ ജഡ്‌ജാണ്. ഗുജറാത്ത് ആസ്ഥാനമായുള്ള ജസ്റ്റിസ് ഫോർ ട്രയൽ എന്ന എന്‍ജിഒ ആണ് മാനനഷ്‌ട കേസ് ഫയൽ ചെയ്‌തത്. ഈ കേസിൽ പ്രതികരണം ഫയൽ ചെയ്യാൻ ഹൈക്കോടതി ബിബിസിയോട് നിർദേശിച്ചു. ഇന്ത്യയേയും രാജ്യത്തെ ജുഡീഷ്യറിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അപകീർത്തിപ്പെടുത്തുന്നതാണ് ഡോക്യുമെന്‍ററിയെന്ന് എൻജിഒയെ പ്രതിനിധീകരിച്ച് വാദിച്ച മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയില്‍ ആരോപിച്ചു.
ALSO READ |വിദേശ ഫണ്ടിങ്ങില്‍ ക്രമക്കേടെന്ന് ആരോപണം : ബിബിസിക്കെതിരെ കേസെടുത്ത് ഇഡി
നേരത്തെ, ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്‌ട് (ഫെമ) പ്രകാരം വിദേശ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ആരോപിച്ച് ബിബിസി ഇന്ത്യയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) കേസെടുത്തിരുന്നു. വിവാദ ഡോക്യുമെന്‍ററിയാണ് ഇഡി നടപടിക്ക് കാരണമെന്ന് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും രാഷ്‌ട്രീയ നിരീക്ഷകരും ഒരുപോലെ ആരോപിച്ചിരുന്നു. ഡോക്യുമെന്‍ററി രാജ്യത്തിന്‍റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായി കേന്ദ്ര സർക്കാർ വിമർശിച്ചിരുന്നു.