ന്യൂഡല്‍ഹി : ഫേസ് ബുക്ക് പോസ്‌റ്റുകള്‍ നോക്കി ഒരു വ്യക്തി എവിടെയാണെന്ന് ഉറപ്പിക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇന്‍റലക്‌ച്വല്‍ പ്രോപ്പർട്ടി അപ്പലേറ്റ് ബോർഡിന്‍റെ (ഐപിഎബി) നടപടിക്കെതിരെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ശാരീരിക അവശതകൊണ്ട് കേസ് മാറ്റിവയ്‌ക്കണമെന്ന് അപേക്ഷ സമര്‍പ്പിച്ച അഭിഭാഷകന്‍ സുവർണ രാജൻ ചൗഹാൻ,വിനോദയാത്രയിലായിരുന്നുവെന്ന് വിലയിരുത്തി നടപടി സ്വീകരിച്ച ഐപിഎബി ഉത്തരവ് കോടതി റദ്ദാക്കി. ഫേസ് ബുക്കില്‍ അദ്ദേഹം ഇട്ട പോസ്‌റ്റുകള്‍ നോക്കിയാണ് അത്തരത്തിലൊരു നിഗമനത്തിലേക്ക് ഐപിഎബി എത്തിയതും നടപടി സ്വീകരിച്ചതും.
ഫേസ്‌ബുക്ക് പോസ്റ്റുകള്‍ വിലയിരുത്തി ഒരു വ്യക്തി എവിടെയാണെന്ന് ഉറപ്പിക്കാനാകില്ല : ഡല്‍ഹി ഹൈക്കോടതി - രാമേശ്വരം
കൊവിഡ് ബാധിച്ച അഭിഭാഷകന്‍ കേസ് മാറ്റിവയ്‌ക്കണമെന്ന് അപേക്ഷ സമര്‍പ്പിച്ചു. തുടര്‍ന്ന് അദ്ദേഹം ഫേസ് ബുക്കില്‍ വിനോദയാത്രാ ചിത്രങ്ങളുടെ പോസ്റ്റിടുകയും ചെയ്തു. ഇത് മുന്‍നിര്‍ത്തി, അഭിഭാഷകന്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ഐപിഎബി അഭിഭാഷകനെതിരെ നടപടിയെടുത്തിരുന്നു. ഇത് റദ്ദാക്കിക്കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം
ജസ്റ്റിസ് സി.ഹരി ശങ്കർ അടങ്ങുന്ന ബഞ്ചാണ് ഐപിഎബി ഉത്തരവ് റദ്ദാക്കിയത്. കൊവിഡിനെ തുടര്‍ന്ന് അവധി ആവശ്യപ്പെട്ട അഭിഭാഷകന്‍ തിരുപ്പതി, രാമേശ്വരം, മധുര, മറീന ബീച്ച് എന്നിവിടങ്ങളില്‍ നിന്നുള്ള ഫോട്ടോകള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്‌തത് ചൂണ്ടിക്കാട്ടിയാണ് ഐപിഎബി അഭിഭാഷകനെതിരെ നടപടിയെടുത്തത്. കൊവിഡ് ബാധിച്ചിരുന്ന അഭിഭാഷകന്‍റെ നിരീക്ഷണ കാലാവധി എപ്രില്‍ 30നാണ് അവസാനിച്ചതെന്നും കോടതി വ്യക്തമാക്കി. വിഷയം ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് വിടുന്നതിന് മുമ്പ് അഭിഭാഷകന് തന്‍റെ നിലപാട് വ്യക്തമാക്കാന്‍ ഐപിഎബി അവസരം നല്‍കേണ്ടതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.