ന്യൂഡല്‍ഹി:സെൻട്രൽ വിസ്ത പദ്ധതി നിർത്തലാക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി വിധി പറയാനായി മാറ്റി ഡല്‍ഹി ഹൈക്കോടതി. പദ്ധതിയുടെ എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തലാക്കാനോ താൽക്കാലികമായി നിർത്തിവയ്ക്കാനോ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെടുന്ന ഹർജിയാണ് ജസ്റ്റിസുമാരായ ഡിഎൻ പട്ടേൽ, ജ്യോതി സിംഗ് എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച അഭിഭാഷകരുടെ വാദം കേള്‍ക്കുകയും, വിധി പറയാനായി മാറ്റി വയ്ക്കുകയും ചെയ്തത്.
സര്‍ക്കാര്‍ വാദം
യൂണിയൻ ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹര്‍ജിയെ എതിർത്തു. പദ്ധതിക്കെതിരെ ഹർജി നല്‍കിയത് നിയമ പ്രക്രിയയുടെ ദുരുപയോഗമെന്നും സെൻട്രൽ വിസ്ത പദ്ധതി മുടക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. നിർമാണസ്ഥലത്തിന് പുറത്തു താമസിക്കുന്നവരാണ് ജോലികളിൽ ഏർപ്പെടുന്നതെന്ന ആരോപണം അദ്ദേഹം തള്ളി. ഹർജിക്കാർ ആരോപിക്കുന്നത് പോലെ നടക്കുന്നത് സെൻട്രൽ വിസ്ത പദ്ധതിയല്ല. റിപ്ലബ്ലിക് പരേഡ് നടക്കുന്ന രാജ്പഥിന്‍റെ പുനർനിർമ്മാണം മാത്രമാണ് നടക്കുന്നത്. ഇത് പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നതിന് വേണ്ടിയാണ്. ജോലിക്കാരെല്ലാം കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സർക്കാർ മറുപടി രേഖയിൽ ഉൾപ്പെടുന്നതായി ഹൈക്കോടതി അറിയിച്ചു. ഷാപൂർജി പല്ലോഞ്ചി ഗ്രൂപ്പിന് വേണ്ടി ഹാജരായ അഭിഭാഷകൻ മനീന്ദർ സിങ്ങും സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന പൊതുതാൽപര്യ ഹർജിയെ എതിർത്തു.
ഹര്‍ജിക്കാരന്‍റെ വാദം
അതേസമയം, മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലുത്ര അപേക്ഷകന് വേണ്ടി ഹാജരായി. സെൻട്രൽ വിസ്റ്റയെ "മരണത്തിന്‍റെ കേന്ദ്ര കോട്ട" എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. രാജ്യത്തൊട്ടാകെ കൊവിഡ് കേസുകൾ രൂക്ഷമായ സാഹചര്യത്തില്‍ ന്യൂഡൽഹിയിലെ സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷകൻ അനിയ മൽഹോത്ര സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി ഡല്‍ഹി ഹൈക്കോടതിയെ ഏല്‍പ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഉത്തരവുകൾ പുറപ്പെടുവിക്കാൻ ഹൈക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. 2020 ഡിസംബറിലാണ് കേന്ദ്ര വിസ്ത വികസന പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഡല്‍ഹിയിലെ 86 ഏക്കർ ഭൂമി നവീകരിക്കാനാണ് പദ്ധതി. പുതിയ പാര്‍ലമെന്‍റ് കെട്ടിടം, രാജ്‍പഥ് മോടിപിടിപ്പിക്കല്‍, പ്രധാനമന്ത്രിക്കുള്ള പുതിയ വസതി, ഓഫീസ് നിര്‍മ്മാണം അടക്കമുള്ളവയാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയിലുള്ളത്. പദ്ധതിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി തള്ളിയതിനെത്തുടർന്ന് 2021 ജനുവരി 5 മുതൽ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നടന്ന് വരികയാണ്.