ന്യൂഡൽഹി:ബലാത്സംഗക്കേസ് പരിഗണിക്കുന്നത് പുരുഷ ജഡ്‌ജിയിൽ നിന്ന് വനിത ജഡ്‌ജിയിലേക്ക് മാറ്റണമെന്ന യുവതിയുടെ ആവശ്യം തള്ളി ഡൽഹി ഹൈക്കോടതി. ഫോട്ടോകൾ അശ്ലീല സൈറ്റിൽ ദുരുപയോഗം ചെയ്‌തുവെന്ന കേസ് വനിത ജഡ്‌ജി പരിഗണിക്കണമെന്ന ആവശ്യവുമായാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കേവലം ഭയത്താൽ അങ്ങനെ ചെയ്യാനാകില്ലെന്നും അങ്ങനെ ചെയ്‌താൽ ഇത്തരം കേസുകളെല്ലാം പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതികളിലേക്ക് മാറ്റുകയോ വനിത ജുഡീഷ്യൽ ഓഫിസറെ അധ്യക്ഷയാക്കേണ്ട സാഹചര്യമോ തുറന്നിടുമെന്നും കോടതി വ്യക്‌തമാക്കി.
പോക്‌സോ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടാത്തതിനാൽ തന്നെ കേസുകൾ പോക്‌സോ കോടതികളിലേക്ക് മാറ്റാൻ കഴിയില്ലെന്നും കോടതി വ്യക്‌തമാക്കി. സ്‌ത്രീകളുടെയും കുട്ടികളുടെയും ലൈംഗിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സുപ്രീം കോടതിയും ഹൈക്കോടതിയും പുറപ്പെടുവിച്ച നിർദേശങ്ങൾ കണക്കിലെടുത്ത് പ്രിസൈഡിങ് ഓഫിസർമാരായ പുരുഷനോ സ്ത്രീക്കോ അത്തരം കേസുകൾ കൈകാര്യം ചെയ്യാനാകുമെന്നും ജസ്റ്റിസ് അനീഷ് ദയാൽ പറഞ്ഞു.