ന്യൂഡല്‍ഹി:വാട്‌സ്ആപ്പിന്‍റെ സ്വകാര്യത നയത്തെ സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുന്നത് ഏപ്രില്‍ 19ലേക്ക് മാറ്റി. വിഷയം വിശകലനം ചെയ്യുന്നതിനായി കേന്ദ്രം കൂടുതല്‍ സമയം തേടിയതിനെ തുടര്‍ന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ തീരുമാനം. കേന്ദ്രത്തോട് വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് സഞ്ജീവ് സച്ച് ദേവ ആവശ്യപ്പെട്ടു.
വാട്‌സ്ആപ്പ് സ്വകാര്യത നയം; കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടി ഡല്‍ഹി ഹൈക്കോടതി
ഏപ്രില്‍ 19ലേക്കാണ് കേസില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി നീട്ടിയത്.
കേന്ദ്രത്തിന് വേണ്ടി അഡ്വ. കിര്‍തിമാന്‍ സിങ്ങാണ് ഹാജരായത്. വിഷയത്തില്‍ വ്യക്തത വരുത്താനുണ്ടെന്നും അതിനാല്‍ സമയം ആവശ്യമാണെന്നും അഡ്വ. കിര്‍തിമാന്‍ സിങ് കോടതിയെ ബോധിപ്പിച്ചു. സമാനമായ അപേക്ഷയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയില്‍ അറിയിച്ചു. ഇന്ത്യയിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും ഉപഭോക്താക്കൾക്ക് വ്യത്യസ്‌ത നയമാണ് സമൂഹ മാധ്യമമായ വാട്‌സ്ആപ്പ് നടപ്പാക്കുന്നതെന്ന് നേരത്തെ കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഡാറ്റ പ്രൊട്ടക്ഷന്‍ ബില്ലില്‍ സര്‍ക്കാര്‍ ചര്‍ച്ച നടക്കുകയാണെന്നും വാട്‌സ്‌ആപ്പിന്‍റെ പ്രതികരണം തേടിയിരിക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കി.
വാട്‌സ്ആപ്പിന്‍റെ പുതിയ സ്വകാര്യത നയത്തിനെതിരെ ചൈതന്യ റോഹില്ല എന്നയാളാണ് കോടതിയെ സമീപിച്ചത്. അഡ്വ. മനോഹര്‍ ലാലാണ് പരാതിക്കാരന് വേണ്ടി ഹാജരായത്. സര്‍ക്കാര്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ കൊണ്ടു വന്നിട്ടും ബില്‍ വെളിച്ചം കണ്ടില്ലെന്ന് അഡ്വ. മനോഹര്‍ ലാല്‍ വ്യക്തമാക്കിയിരുന്നു.