ന്യൂഡല്‍ഹി : ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്‌ജിയായ എസ് ശ്രീധറിനെതിരായ പരാമര്‍ശത്തില്‍ ചലച്ചിത്ര സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയെ കുറ്റവിമുക്തമാക്കി ഡല്‍ഹി ഹൈക്കോടതി. ജഡ്‌ജിക്കെതിരായ പരാമര്‍ശത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞതോടെയാണ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. 2018ല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌ത പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ വിവേക് അഗ്നിഹോത്രി നേരിട്ട് കോടതിയില്‍ ഹാജരാവുകയും മാപ്പ് പറയുകയുമായിരുന്നു.
ജസ്റ്റിസ് സിദ്ധാര്‍ഥ് മൃദുല്‍, വികാസ് മഹാജന്‍ എന്നിവരടങ്ങിയ ബഞ്ചാണ് സംവിധായകനെ കുറ്റവിമുക്തനാക്കി ഉത്തരവിട്ടത്.
അഗ്നിഹോത്രിയ്‌ക്ക് ഉപദേശം നല്‍കി കോടതി :ഭാവിയില്‍ തന്‍റെ പരാമര്‍ശങ്ങളില്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കണമെന്ന് കോടതി വിവേക് അഗ്നിഹോത്രിയോട് മുന്നറിയിപ്പ് നല്‍കി. തന്‍റെ പരാമര്‍ശങ്ങളിലെ പശ്ചാത്താപത്തില്‍ മാപ്പ് പറയാനായി വിവേക് അഗ്നിഹോത്രി കോടതിയില്‍ നേരിട്ടെത്തിയെന്നും കോടതി പറഞ്ഞു. തന്‍റെ പെരുമാറ്റത്തില്‍ ഖേദം പ്രകടിപ്പിച്ച വിവേക് അഗ്നിഹോത്രി ജുഡീഷ്യറിയെ ബഹുമാനിക്കുന്നുവെന്നും മനപ്പൂര്‍വം പരാമര്‍ശം നടത്തിയതല്ലെന്നും കോടതിയില്‍ പറഞ്ഞു.
ഇതോടെ വിവേകിനെതിരെ നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസും പിന്‍വലിച്ചതായി കോടതി വ്യക്തമാക്കി. 2022 ഡിസംബറിലായിരുന്നു കേസിന്‍റെ അവസാന ഹിയറിങ് . എന്നാല്‍ സംവിധായകന്‍ രോഗിയാണെന്നും കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ സാധിക്കില്ലെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. തന്‍റെ പരാമര്‍ശത്തില്‍ ഖേദിക്കുന്നുണ്ടെന്ന് വിവേക് അഗ്നിഹോത്രി കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്‌തു. തുടര്‍ന്നാണ് ഏപ്രില്‍ 10ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്.
also read:'ഇത് കോൺഗ്രസാണ്, ബിജെപിയല്ല'; സച്ചിന്‍ പൈലറ്റിന്‍റെ കലാപക്കൊടിക്ക് എഐസിസിയുടെ 'ചുവപ്പ് കാര്‍ഡ്'
വിവേക് അഗ്നിഹോത്രിക്കെതിരെ അമിക്കസ് ക്യൂറി :തന്‍റെ പോസ്റ്റ് വിവാദമായതോടെ തന്നെ തന്‍റെ ക്ലയിന്‍റ് ട്വിറ്ററില്‍ നിന്ന് പോസ്റ്റുകള്‍ പിന്‍വലിച്ചിരുന്നെന്ന് വിവേക് അഗ്നിഹോത്രി 2022 ഡിസംബറില്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിനെതിരെ അമിക്കസ് ക്യൂറി രംഗത്തെത്തി. പോസ്റ്റുകള്‍ പിന്‍വലിച്ചത് ട്വിറ്ററാണെന്നും സംവിധായകന്‍ അല്ലെന്നും അമിക്കസ് ക്യൂറി പറഞ്ഞു. രോഗിയായ വിവേക് സത്യവാങ് മൂലത്തിലൂടെ മാപ്പ് അപേക്ഷിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ എത്തി നേരിട്ട് മാപ്പപേക്ഷിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു തുടര്‍ന്നാണ് വിവേക് അഗ്നിഹോത്രി നേരിട്ടെത്തിയത്.
also read:'പുരാന പാകിസ്ഥാന്‍' ഇനിയും അകലെ ; ഇമ്രാന്‍ ഖാന്‍ പുറത്തായി ഒരു വര്‍ഷം പിന്നിടുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ആ രാജ്യം
സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്കെതിരായ കേസ്: 2018ലാണ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്കെതിരെ കോടതി സ്വമേധയാ കേസെടുത്തത്. എല്‍ഗാര്‍ പരിഷത്ത് കേസിലെ പ്രതി ഗൗതം നവ്‌ലാഖയുടെ വീട്ടുതടങ്കല്‍ ഉത്തരവ് റദ്ദാക്കിയ വിഷയത്തില്‍ ജസ്റ്റിസ് എസ് മുരളീധറിനെതിരെ ട്വിറ്ററില്‍ പോസ്റ്റിട്ടതാണ് കേസിനാസ്‌പദമായ സംഭവം. കേസില്‍ ജഡ്‌ജി പക്ഷപാതമായി പെരുമാറിയെന്നാണ് സംവിധായകന്‍ ട്വിറ്ററില്‍ കുറിച്ചത്. പോസ്റ്റ് ഏറെ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇടയാക്കിയതോടെ കോടതി സ്വമേധയാ ഇദ്ദേഹത്തിന് എതിരെ കേസെടുക്കുകയായിരുന്നു.
also read:'യാഷ് ദയാലിന്‍റെ തല്ലിപ്പൊളി ബോളിങ്ങിന് റിങ്കുവിനെ പ്രശംസിക്കുന്നു' ; എയറിലായി രോഹന്‍ ഗവാസ്‌കര്‍
എല്‍ഗാര്‍ പരിഷത്ത് കേസും ഗൗതം നവ്ലാഖയും : 2017 ഡിസംബര്‍ 13നാണ് ആക്‌ടിവിസ്‌റ്റായ ഗൗതം നവ്‌ലാഖയ്‌ക്കെതിരെ കേസെടുത്തത്. പൂനെയില്‍ നടന്ന എല്‍ഗാര്‍ പരിഷത്ത് സമ്മേളനത്തില്‍ പ്രകോപനപരമായ രീതിയില്‍ സംസാരിച്ചുവെന്ന കേസിലാണ് ഗൗതം അറസ്റ്റിലായത്.