ന്യൂഡല്‍ഹി :മൂടല്‍മഞ്ഞും പൊടിക്കാറ്റും വായുമലിനീകരണവും ശക്തമായ ഡല്‍ഹിയെ പച്ചപുതപ്പിക്കാനൊരുങ്ങി കെജ്‌രിവാള്‍ സര്‍ക്കാര്‍. 2022 -23 വര്‍ഷത്തില്‍ 35.88 ലക്ഷം വൃക്ഷത്തൈകള്‍ ജനങ്ങളുടെ കൂടി സഹായത്തോടെ വച്ചുപിടിപ്പിക്കാനാണ് നീക്കം. ഇതിനായി സഹകരണം ആവശ്യപ്പട്ട് ഡല്‍ഹിയിലെ റെസിഡന്‍സ് അസോസിയോഷനുകള്‍ക്കും എന്‍ജിഒകള്‍ക്കും മന്ത്രി ഗോപാല്‍ റേ നിര്‍ദ്ദേശം നല്‍കി.
ഇതിനായി 1800118600 എന്ന ടോള്‍ ഫ്രീ നമ്പറും പുറത്തിറക്കിയിട്ടുണ്ട്. ഈ നമ്പറില്‍ ബന്ധപ്പെട്ട് സംഘടനകള്‍ക്ക് തങ്ങളുടെ രജിസ്ട്രേഷന്‍ സൗജന്യമായി നടപ്പാക്കാം. സര്‍ക്കാര്‍ ജൂണ്‍ മാസത്തിന് മുമ്പ് ഇതിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തും. ജൂലൈ മാസത്തോടെ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി ഗോപാല്‍ റായ് അറിയിച്ചു.
വാര്‍ഷിക പ്ലാന്‍റേഷന്‍ പ്രോഗ്രാമിലൂടെ തലസ്ഥാനത്തെ മലിനീകരണ മുക്തമാക്കുകയാണ് ലക്ഷ്യം. ഡല്‍ഹിയിലെ മൊത്തം ഭൂപ്രദേശത്തിന്‍റെ 21.88 ശതമാനമായിരുന്നു മുമ്പ് ഡല്‍ഹിയിലെ സസ്യജാലങ്ങളുടെ നിരക്ക്. എന്നാല്‍ ഇപ്പോള്‍ അത് 23.06 ആയി വികസിപ്പിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം കൊണ്ടാണ് ഈ മാറ്റം ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 19 ഡിപ്പാര്‍ട്ട്മെന്‍റുകളാണ് പദ്ധതിയുടെ ഭാഗമായത്.
എന്നാല്‍ ഇതില്‍ ഏഴ് ഡിപ്പാര്‍ട്ടുമെന്‍റുകള്‍ മാത്രമാണ് തങ്ങള്‍ എത്ര ചെടികള്‍ നട്ടുപിടിപ്പിച്ചെന്നതിന്‍റെ കണക്ക് സമര്‍പ്പിച്ചത്. ഡൽഹിയിലെ മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോംബാറ്റിംഗ് ക്ലൈമറ്റ് ചേഞ്ച് എന്ന ഏജന്‍സിയുടെ സഹായത്തോടെ ഇനിമുതല്‍ എല്ലാ വകുപ്പുകളുടെയും ഓഡിറ്റിംഗ് നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.