ന്യൂഡല്‍ഹി : ദേശീയ തലസ്ഥാനത്തെ വായു മലീനികരണ തോത് കുറയ്‌ക്കാന്‍ കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി സര്‍ക്കാര്‍. വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ ഇന്നലെ (നവംബര്‍ 8) കാണ്‍പൂരിലെ ഐഐടി ശാസ്‌ത്രജ്ഞരുമായി ചര്‍ച്ച നടത്തിയെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്. നവംബര്‍ 20 ഓടെ തലസ്ഥാനത്ത് കൃത്രിമ മഴ പെയ്യുമെന്നും മന്ത്രി പറഞ്ഞു.
കൃത്രിമ മഴ പെയ്യിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളെ കുറിച്ച് വെള്ളിയാഴ്‌ച (നവംബര്‍ 10) സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കൃത്രിമ മഴ പെയ്യിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായം വേണമെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടിലൂടെ കോടതിയോട് ആവശ്യപ്പെടും. ഡല്‍ഹിയിലെ രൂക്ഷമായ അന്തരീക്ഷ മലിനീകരണം ക്ലൗഡ് സീഡിങ് വഴി കുറയ്‌ക്കാന്‍ സാധിച്ചേക്കുമെന്നും പരിസ്ഥിതി മന്ത്രി പറഞ്ഞു.
അന്തരീക്ഷത്തില്‍ മേഘങ്ങളോ ഈര്‍പ്പമോ ഉള്ളപ്പോള്‍ മാത്രമെ ക്ലൗഡ് സീഡിങ് സാധ്യമാകൂവെന്ന് ഐഐടിയിലെ ശാസ്‌ത്രജ്ഞര്‍ ചര്‍ച്ചയില്‍ പറഞ്ഞു. നവംബര്‍ 20, 21 ദിവസങ്ങളില്‍ ഇത്തരം അവസ്ഥയുണ്ടാകാമെന്നാണ് വിദഗ്‌ധരുടെ കണക്കുകൂട്ടല്‍. ആകാശം 40 ശതമാനം മേഘാവൃതമാണെങ്കില്‍ മാത്രമെ ഇത് സാധ്യമാകുകയുള്ളൂ. വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ സര്‍ക്കാര്‍ ശാസ്‌ത്രജ്ഞന്മാരോട് ആവശ്യപ്പെട്ടു. വിദഗ്‌ധര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അടക്കമാണ് സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയെന്ന് മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.