ന്യൂഡൽഹി : സുഹൃത്തിന്‍റെ മകളായ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയെ ഭാര്യയുടെ സഹായത്തോടെ തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയ ഡൽഹി സർക്കാരിന്‍റെ വനിത ശിശു വികസന വകുപ്പിലെ ഡെപ്യൂട്ടി ഡയറക്‌ടർക്കെതിരെ(Delhi Government officer) പോക്സോ(POCSO) നിയമപ്രകാരം കേസെടുത്തു. നോർത്ത് ഡൽഹിയിലെ ബുരാരിയിലാണ് സംഭവം. സംഭവത്തിന് കൂട്ടുനിന്ന പ്രതിയുടെ ഭാര്യക്കെതിരെയും കേസെടുത്തിട്ടുണ്ട്.
2020 നും 2021 നും ഇടയിലാണ് പ്രതി പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇപ്പോൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. ഒരു പള്ളിയിൽ വച്ചാണ് സുഹൃത്തിന്‍റെ മകളായ പെണ്‍കുട്ടിയെ പ്രതി കണ്ട് മുട്ടുന്നത്. 2020ൽ പെണ്‍കുട്ടിയുടെ പിതാവ് മരണപ്പെട്ടിരുന്നു. ഇതോടെ പെണ്‍കുട്ടി വിഷാദാവസ്ഥയിലായി.
ഇതിനിടെ പ്രതി കുട്ടിയെ സഹായിക്കാനെന്ന വ്യജേന സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു. തുടർന്നുള്ള ഒരു വർഷത്തിനിടയിൽ ഇയാൾ നിരവധി തവണ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടി ഗർഭിണിയായി. തുടർന്ന് കുട്ടി ഈ വിവരം പ്രതിയുടെ ഭാര്യയെ അറിയിച്ചു.
എന്നാൽ കുട്ടിയെ സഹായിക്കുന്നതിന് പകരം ഭാര്യ ഗർഭഛിദ്രത്തിനുള്ള ഗുളിക ഇവരുടെ മകനെക്കൊണ്ട് വാങ്ങിപ്പിക്കുകയും പെണ്‍കുട്ടിക്ക് നൽകുകയുമായിരുന്നു. തുടർന്ന് ഇക്കാര്യം പുറത്ത് പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പറഞ്ഞ് കുട്ടിയെ ഇവർ ഭീഷണിപ്പെടുത്തുകയായിരുന്നു. നിലവിൽ പെണ്‍കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌ത് കഴിഞ്ഞാൽ കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നിലെത്തിച്ച് മൊഴി രേഖപ്പെടുത്തും. പ്രതിക്കും ഭാര്യയ്ക്കും എതിരെ ഐപിസി സെക്ഷൻ 376(2)(എഫ്), 506, 509, 323, 313, 120 ബി, 34 എന്നീ വകുപ്പുകളും പോക്‌സോ നിയമത്തിലെ 6/21 വകുപ്പുകളും പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
ഏഴ് വയസുകാരിയെ പീഡിപ്പിച്ച് അയൽവാസി : ഇക്കഴിഞ്ഞ ഓഗസ്റ്റ് 11ന് തെലങ്കാനയിലെ പെറ്റ്‌ബാഷിരബാദിൽ മൊബൈൽ ഫോണും ഭക്ഷണവും വാഗ്‌ദാനം ചെയ്‌ത് ഏഴ് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ അയൽവാസിയെയും മകനെയും പൊലീസ് പിടികൂടിയിരുന്നു. കർണാടക സ്വദേശികളായ ശിവകുമാർ (44), മകൻ ശ്യാമൽ (19) എന്നിവരാണ് പിടിയിലായത്.
അയൽവാസികളായതിനാൽ തന്നെ പെണ്‍കുട്ടി പ്രതികളുടെ വീട്ടിൽ ഇടയ്‌ക്കിടെ പോകാറുണ്ടായിരുന്നു. സംഭവ ദിവസം പെണ്‍കുട്ടിയുടെ മാതാപിതാക്കൾ ബഹാദുർപ്പള്ളിയിൽ ജോലിക്ക് പോയ സമയത്താണ് പീഡനം നടന്നത്. കളിക്കാൻ മൊബൈൽ ഫോണും കഴിക്കാൻ സമൂസയും തരാമെന്ന് പറഞ്ഞ് പ്രതികൾ കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.
ALSO READ :പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ എട്ട് വർഷത്തോളം പീഡിപ്പിച്ചു ; പ്രതിക്ക് 97 വർഷം കഠിന തടവ്
ശേഷം ശിവകുമാറും മകനും ചേർന്ന് കുട്ടിയെ പീഡനത്തിനിരയാക്കി. രക്തം വാർന്നൊഴുകുന്ന നിലയിലാണ് പെണ്‍കുട്ടി തിരികെ വിട്ടിലേക്കെത്തിയത്. പിന്നാലെ ജോലി കഴിഞ്ഞെത്തിയ രക്ഷിതാക്കളോട് കുട്ടി പീഡന വിവരം പറയുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.