ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്മാരെ സഹായിക്കാന്‍ സാമൂഹ്യക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥരെ നിയോഗിച്ച് ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയുടെ (ഡിഡിഎംഎ) കീഴിൽ പ്രവർത്തിക്കുന്ന 1077 ഹെൽപ്പ് ലൈനിനെ നിയന്ത്രിക്കാന്‍ നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ടീമിനെ ഡിവിഷണൽ കമ്മിഷണറുടെ ഓഫീസിലേക്ക് അയച്ചതായി സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവിൽ അറിയിച്ചു. സെക്ഷൻ ഓഫിസർ ജിസി മീന, സീനിയർ അസിസ്റ്റന്റ് കുമാർ ഗാന്ധർവ, ക്ഷേമ ഉദ്യോഗസ്ഥരായ കുൽദീപ് സൈനി, വിജയ് എന്നിവരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
മുതിർന്ന പൗരന്മാരിൽ നിന്നുള്ള ടെലിഫോൺ കോളുകള്‍ എടുക്കുക, അവര്‍ക്ക് പെൻഷന് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ പ്രക്രിയയെക്കുറിച്ച് മാർഗനിർദ്ദേശം നൽകുക, പെൻഷൻ ലഭിക്കാത്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകുക തുടങ്ങിയ സേവനം ഇവര്‍ നല്‍കുന്നതാണ്. മുതിർന്ന പൗരന്മാർക്ക് ഭക്ഷ്യ വിതരണം, പാർപ്പിടം, മരുന്നുകൾ, മാസ്ക്, സാനിറ്റൈസർ മുതലായ കൊവിഡുമായി ബന്ധപ്പെട്ട വസ്തുക്കൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഡിഡിഎംഎ സേവനങ്ങൾ അല്ലെങ്കിൽ എൻജിഒ സേവനങ്ങളുമായുള്ള മാർഗനിർദേശവും ഈ ഉദ്യോഗസ്ഥർ നൽകും.