ന്യൂഡൽഹി:കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി സർക്കാർ. ആളുകൾ കൂടുന്ന ഇടങ്ങളിലും യാത്രകൾക്കും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും നിയന്ത്രണം കൊണ്ടുവന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏപ്രിൽ 30 വരെ അടച്ചിടാനും സർക്കാർ വിജ്ഞാപനമിറക്കി.
കൊവിഡ് വ്യാപനം: നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി - നിയന്ത്രണം
വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏപ്രിൽ 30 വരെ അടച്ചിടാനും സർക്കാർ വിജ്ഞാപനമിറക്കി.

റെസ്റ്റോറൻ്റുകളിലും തിയേറ്ററുകളിലും ആളുകളുടെ എണ്ണം കുറക്കണമെന്ന് സർക്കാർ നിർദേശിച്ചു. ഒരേ സമയം പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. അത്യാവശ്യത്തിന് മാത്രം പൊതുഗതാഗതം ഉപയോഗിക്കണം. വിവാഹത്തിന് അൻപത് പേരിൽ കൂടുതൽ പാടില്ല. മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ 20 പേർ മാത്രമേ പങ്കെടുക്കാവൂ എന്നും സർക്കാർ നിർദേശിച്ചു. മഹാരാഷ്ട്രയിൽ നിന്ന് ഡൽഹിയിലേക്ക് വിമാനമാർഗം എത്തുന്നവർക്ക് 72 മണിക്കൂറിന് മുൻപുള്ള കൊവിഡ് ആർടി-പിസിആർ റിപ്പോർട്ട് നിർബന്ധമാക്കി. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് 14 ദിവസം ക്വാറൻ്റൈനും നിർബന്ധമാക്കി. കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ തുടരുമെന്നും സർക്കാർ അറിയിച്ചു.
ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കുള്ള പരീക്ഷ, പ്രാക്‌ടിക്കലുകൾ തുടങ്ങിയ ആവശ്യങ്ങൾക്ക് മാത്രമേ കുട്ടികൾക്ക് സ്‌കൂളുകളിൽ പ്രവേശനമുള്ളൂ. ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി കായികതാരങ്ങളെ പരിശീലിപ്പിക്കുന്നതിന് മാത്രമേ നീന്തൽക്കുളങ്ങൾ ഉപയോഗിക്കാൻ പാടുള്ളൂ. മെട്രോ ഉൾപ്പെടെയുള്ള പൊതു ഗതാഗതത്തിന് 50 ശതമാനം ആളുകൾ മാത്രമേ പാടുള്ളൂവെന്നും ഉത്തരവിൽ പറയുന്നു. അതേസമയം അന്തർ സംസ്ഥാന യാത്രാ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.