ന്യൂഡല്‍ഹി :രാജ്യതലസ്ഥാനത്ത് അതിശൈത്യത്തിനൊപ്പം മൂടല്‍മഞ്ഞും (Fog In Delhi). ഈ സാഹചര്യത്തില്‍ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പഞ്ചാബ്, ഹരിയാന, ഡൽഹി ഉത്തർപ്രദേശ്, വടക്കൻ രാജസ്ഥാൻ, വടക്കൻ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ യാത്രകള്‍ ചെയ്യുമ്പോഴും മറ്റും ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന നിര്‍ദേശം.
ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് ; മണിക്കൂറുകളോളം വൈകി ട്രെയിനുകളും, വിമാനങ്ങളും - ഡല്‍ഹി മൂടല്‍ മഞ്ഞ്
DELHI FOG : ഡല്‍ഹിയില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദൂരക്കാഴ്‌ച കുറഞ്ഞു. ട്രെയിനുകളും വിമാനങ്ങളും ഇന്ന് മണിക്കൂറുകളോളം വൈകി.
Published : Dec 30, 2023, 12:21 PM IST
നിലവില്‍ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 10.7 ഡിഗ്രി സെല്‍ഷ്യസാണ്. ഇതോടൊപ്പമാണ് മേഖലയില്‍ മൂടല്‍ മഞ്ഞും. ഇതേ തുടര്‍ന്ന് ദൂരക്കാഴ്‌ച കുറഞ്ഞ സാഹചര്യത്തില്‍ ട്രെയിനുകളും വിമാനങ്ങളും വൈകിയോടുകയാണ്.
ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ഇന്ന് രാവിലെ 8:30 വരെ 80 ഓളം വിമാനങ്ങള്‍ വൈകിയതായി അധികൃതര്‍ അറിയിച്ചു. മൂടൽമഞ്ഞും മോശം കാലാവസ്ഥയും കാരണം ഡൽഹിയിൽ നിന്ന് സിക്കിമിലേക്ക് പോകേണ്ടിയിരുന്ന വിമാനം രണ്ട് മണിക്കൂറോളം വൈകിയിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മൂടല്‍ മഞ്ഞിനെ തുടര്‍ന്നുള്ള ദൂരക്കാഴ്‌ച ഇന്ന് മെച്ചപ്പെട്ടതായി ഓട്ടോ, കാബ് ഡ്രൈവര്‍മാര്‍ അറിയിച്ചു.