ന്യൂഡൽഹി: അതിശൈത്യവും കനത്ത മൂടൽമഞ്ഞും മൂലം വിറങ്ങലിച്ച് രാജ്യതലസ്ഥാനം. മൂടൽമഞ്ഞ് കാരണം ഡൽഹി വിമാനത്താവളം വഴിയുള്ള വ്യോമഗതാഗതം മന്ദഗതിയിലായി. മഞ്ഞിന് ശമനമില്ലാത്തതിനാൽ യാത്രക്കാർക്കായി വിമാനത്താവളം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. മഞ്ഞ് തുടരുന്നതിനാൽ യാത്ര ചെയ്യും മുന്‍പ് എയർലൈനുകളുമായി ബന്ധപ്പെടണമെന്നാണ് യാത്രക്കാർക്ക് ലഭിച്ച നിർദ്ദേശം (Dense Fog in Delhi Airport).
'കനത്ത മൂടൽമഞ്ഞ് ഡൽഹി വിമാനത്താവളത്തിലെ വിമാന സർവീസുകളെ ബാധിച്ചേക്കും. പുതുക്കിയ ഫ്ലൈറ്റ് വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈനുമായി ബന്ധപ്പെടാൻ യാത്രക്കാരോട് അഭ്യർത്ഥിക്കുന്നു. സൗകര്യത്തിൽ ഖേദിക്കുന്നു." എയർപോർട്ട് അതോറിറ്റി എക്‌സ് പേജിലൂടെ അറിയിച്ചു (Delhi Flight Restrictions).
ഇന്നലെയും (ഞായർ) മൂടൽമഞ്ഞ് വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു. വിമാനത്താവളത്തിൽ ഇന്നലെ രാവിലെ ദൃശ്യപരത പൂജ്യമായിരുന്നു എന്നാണ് റിപ്പോർട്ട്. ദൃശ്യപരത ഇല്ലായ്‌മ നിരവധി വിമാന സർവീസുകളെ പ്രതികൂലമായി ബാധിച്ചു. രാജ്യത്ത് ഏറ്റവുമധികം സർവീസുള്ള വിമാന കമ്പനികളിലൊന്നായ ഇൻഡിഗോ എയർലൈൻസിന്‍റെ പ്രവർത്തനങ്ങൾ ഇന്നലെ മുതൽ താളം തെറ്റിയ നിലയിലാണ്. മുംബൈയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ധാക്ക വിമാനത്താവളത്തിലിറക്കി. ഗുവാഹത്തിയില്‍ നിന്ന് 400 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുണ്ട് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലേക്ക് (Indigo Flight Inconvenience).
പിന്നാലെ കുറഞ്ഞ ദൃശ്യപരതയും ഇടതൂർന്ന മൂടൽമഞ്ഞും ഇൻഡിഗോയുടെപ്രവർത്തനങ്ങളെ ബാധിച്ചതായി കമ്പനി പ്രസ്‌താവന പുറത്തിറക്കി. യാത്രക്കാർക്ക് സൗകര്യമൊരുക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയെന്നും, അസൗകര്യത്തിൽ ഖേദിക്കുന്നതായും ഇൻഡിഗോ പ്രസ്‌താവനയിൽ പറഞ്ഞു.