രംഗറെഡ്ഡി (തെലങ്കാന) :ബിജെപി നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ മകളും എംൽസിയുമായ കെ കവിത. ഡൽഹിയിലെ ബിജെപി നേതാക്കളായ എംപി പർവേഷ് വർമയ്ക്കും മുൻ എംഎൽഎ മഞ്ജീന്ദർ സിംഗ് സിർസയ്ക്കുമെതിരെ മാനനഷ്‌ടക്കേസ് നൽകുമെന്ന് കവിത പറഞ്ഞു. ഡൽഹി മദ്യനയക്കേസിൽ കവിത ആം ആദ്‌മി സർക്കാരിന്‍റെയും മദ്യമാഫിയയുടെയും ഇടനിലക്കാരിയായി പ്രവർത്തിച്ചുവെന്നാണ് ബിജെപി നേതാക്കൾ ഉയർത്തിയ ആരോപണം.
'എനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണ്. ഡൽഹി എക്‌സൈസ് അഴിമതിയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. കേന്ദ്ര സർക്കാരിന്‍റെ കൈയ്യിലാണ് എല്ലാ അന്വേഷണ ഏജൻസികളും. എന്ത് അന്വേഷണവും നടത്താം. ഞങ്ങൾ പൂർണമായും സഹകരിക്കും' - കവിത പറഞ്ഞു.
ഇത്തരം ആരോപണങ്ങൾ കണ്ട് ഭയപ്പെടുകയില്ല, കേന്ദ്ര സർക്കാരിന്‍റെ നയങ്ങളെ നമ്മുടെ മുഖ്യമന്ത്രി വിമർശിക്കുന്നത് കൊണ്ടാണ് ബിജെപി ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നതെന്നും കവിത പറഞ്ഞു. കഴിഞ്ഞ ദിവസം ഡൽഹി സർക്കാരിന്റെ മദ്യ നയവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ ഉള്‍പ്പടെ 31 ഇടങ്ങളില്‍ സിബിഐ റെയ്‌ഡ് നടത്തിയിരുന്നു. ഡൽഹി എക്സൈസ് കമ്മിഷണർ ആയിരുന്ന എ. ഗോപീകൃഷ്‌ണയുടെ ദാമൻ ദിയുവിലെ വസ്‌തുവിലും റെയ്‌ഡ് നടന്നു.
മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന് ലഫ്. ഗവര്‍ണര്‍ വി.കെ സക്‌സേന നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.ഡൽഹിക്ക് പുറമെ ഗുരുഗ്രാം, ചണ്ഡിഗഡ്, മുംബൈ, ഹൈദരാബാദ്, ലഖ്‌നൗ, ബെംഗളുരു എന്നിവിടങ്ങളിലും പരിശോധനകള്‍ നടന്നു.