ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (Enforcement Directorate - ED) സമൻസ്. ഡൽഹി മദ്യനയ കേസുമായി (Delhi excise policy case) ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിന് ഇഡി സമൻസ് അയച്ച് നവംബർ രണ്ടിന് ഹാജരാകാൻ ആവശ്യപ്പെട്ടു (Arvind Kejriwal Summoned By ED). മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി തള്ളിയിരുന്നു ഇതിന് പിന്നാലെയാണ് കെജ്‌രിവാളിന് നോട്ടീസ് നല്‍കിയത്.
സിസോദിയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീംകേടതി: ഡല്‍ഹി മദ്യനയ കേസില്‍ ജാമ്യം ആവശ്യപ്പെട്ട് എഎപി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയ സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീം കോടതി. ഇഡിയും സിബിഐയും രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് സിസോദിയ ജാമ്യ ഹര്‍ജി സമര്‍ച്ചിച്ചത്. അപേക്ഷ തള്ളിയതോടെ സിസോദിയ ജയിലില്‍ തുടരും.
കേസിന്‍റെ വിചാരണ മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാക്കും എന്നത് കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ തീരുമാനം. നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ കഴിഞ്ഞ ഫെബ്രുവരി 26 നാണ് മദ്യനയ കേസില്‍ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്‌തത്. മദ്യനയത്തിലെ സാമ്പത്തിക ക്രമക്കേട് ഇഡി ആണ് അന്വേഷിക്കുന്നത്. സിബിഐ അറസ്റ്റിനെ തുടര്‍ന്ന് കെജ്‌രിവാള്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനം മനീഷ് സിസോദിയ രാജിവച്ചിരുന്നു.
അന്വേഷണവുമായി സിസോദിയ സഹകരിക്കുന്നില്ലെന്നാണ് സിബിഐ കോടതിയെ നേരത്തെ അറിയിച്ചത്. എന്നാല്‍, സിബിഐ തന്നോട് ഒരേ ചോദ്യം തന്നെ മണിക്കൂറുകളോളം ആവര്‍ത്തിച്ച് ചോദിക്കുകയാണ് എന്നായിരുന്നു വിഷയത്തില്‍ സിസോദിയയുടെ പ്രതികരണം. അതിനിടെയാണ് സിസോദിയയെ മദ്യനയ കേസിലെ സാമ്പത്തിക ക്രമക്കേടില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റും അറസ്‌റ്റ് ചെയ്യുന്നത്.