കേരളം

kerala

ETV Bharat / bharat

ഡല്‍ഹി മദ്യനയ കോഴക്കേസ്: അരവിന്ദ് കെജ്‌രിവാളിന് സിബിഐ നോട്ടിസ് - ഡല്‍ഹി സര്‍ക്കാര്‍ പദ്ധതി

ചില്ലറ മദ്യവില്‍പനയിലെ നയത്തില്‍ മാറ്റം വരുത്തി സ്വകാര്യമേഖലയ്‌ക്ക് കടന്നുവരാന്‍ അവസരം നല്‍കിയ ഡല്‍ഹി സര്‍ക്കാര്‍ പദ്ധതിക്കെതിരെയാണ് സിബിഐ കേസ്

new delhi excise policy case  excise policy case arvind kejriwal cbi notice  ഡല്‍ഹി മദ്യനയ കോഴക്കേസ്  അരവിന്ദ് കെജ്‌വാളിന് സിബിഐ നോട്ടിസ്  സിബിഐ കേസ്  ഡല്‍ഹി സര്‍ക്കാര്‍ പദ്ധതി
ഡല്‍ഹി മദ്യനയ കോഴക്കേസ്

By

Published : Apr 14, 2023, 5:56 PM IST

Updated : Apr 14, 2023, 7:33 PM IST

ന്യൂഡല്‍ഹി:ആംആദ്‌മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് സിബിഐ നോട്ടിസ്. ഡല്‍ഹി മദ്യനയ കോഴക്കേസിലാണ് സിബിഐ നോട്ടിസ് നല്‍കിയത്. ഏപ്രില്‍ 16ന് ഹാജരാകാനാണ് നിര്‍ദേശം.

വിഷയത്തില്‍, വൈകിട്ട് ആറുമണിക്ക് വാര്‍ത്താസമ്മേളനം വിളിച്ച് പ്രതികരിക്കുമെന്ന് കെജ്‌രിവാള്‍ ട്വീറ്റിലൂടെ അറിയിച്ചു. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇതേ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നതിനിടെയാണ് കെജ്‌രിവാളിന് നോട്ടിസ്. മദ്യനയക്കേസില്‍ അഴിമതി നടന്നുവെന്ന കേസിന്‍റെ തുടരന്വേഷണത്തിലാണ് സിസോദിയയെ ഇഡിയും സിബിഐയും അറസ്റ്റ് ചെയ്‌തത്. 2023 ഫെബ്രുവരി 26നാണ്, അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തത്. പിന്നീട്, മാർച്ച് ഒന്‍പതിന് തിഹാർ ജയിലിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇഡി അറസ്റ്റ് രേഖപ്പെടുത്തി.

ALSO READ|ഡല്‍ഹി മദ്യനയ കേസ്: മനീഷ് സിസോദിയയുടെ റിമാന്‍ഡ് കാലാവധി നീട്ടി

ഒക്‌ടോബറിൽ, കേസിൽ ഡൽഹി ജോർബാഗ് ആസ്ഥാനമായുള്ള മദ്യ വിതരണക്കാരനായ ഇൻഡോസ്‌പിരിറ്റ് ഗ്രൂപ്പിന്‍റെ മാനേജിങ് ഡയറക്‌ടര്‍ സമീർ മഹേന്ദ്രുവിനെ അറസ്റ്റ് ചെയ്‌തു. തുടർന്ന് ഇഡി ഡൽഹിയിലും പഞ്ചാബിലുമായി ഏകദേശം മൂന്ന് ഡസനോളം സ്ഥലങ്ങളിൽ റെയ്‌ഡ് നടത്തിയിരുന്നു. സിബിഐ ഈ ആഴ്‌ച ആദ്യം കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു. ഡല്‍ഹിയിലെ ചില്ലറ മദ്യവിൽപ്പന മേഖലയിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി സ്വകാര്യ മേഖലയ്ക്ക് കടന്നുവരാന്‍ വഴിയൊരുക്കിയാണ് എക്സൈസ് നയം പരിഷ്‌കരിച്ചത്. ഇത് നടപ്പാക്കിയതില്‍ അഴിമതി നടന്നുവെന്നാണ് സിബിഐ ഫയല്‍ ചെയ്‌ത കേസിലെ ആരോപണം.

ALSO READ |ഡല്‍ഹി മദ്യനയ കേസ്: വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് സുകേഷ്‌ ചന്ദ്രശേഖര്‍; അഴിക്കുള്ളിലാകുന്ന അടുത്തയാള്‍ കെജ്‌രിവാള്‍

മദ്യനയത്തിലൂടെ പണം കൈപ്പറ്റിയെന്ന് ആരോപണം:ലൈസൻസ് ഉടമകൾക്ക് അനാവശ്യ ആനുകൂല്യങ്ങൾ നൽകിയെന്നും ലൈസൻസ് ഫീസ് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്‌തെന്നും കേസില്‍ ആരോപിക്കുന്നു. പുറമെ, യോഗ്യതയുള്ള അതോറിറ്റിയുടെ അനുമതിയില്ലാതെ എൽ - ഒന്ന് ലൈസൻസ് നീട്ടിയെന്നും ഇഡിയും സിബിഐയും ആരോപിച്ചിരുന്നു. ഗുണഭോക്താക്കൾ ആരോപണവിധേയരായ ഉദ്യോഗസ്ഥർക്ക് പണം നല്‍കിയെന്നും അക്കൗണ്ട് ബുക്കുകളിൽ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയെന്നും കേസില്‍ ആരോപിക്കുന്നു. നിരവധി പൊതുപ്രവര്‍ത്തകര്‍ മദ്യലോബികളില്‍ നിന്നും പണം കൈപ്പറ്റിയെന്നും ആരോപണമുണ്ട്.

വിജയകരമായ ടെൻഡർ നടപടി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റായ 30 കോടി രൂപ തിരികെ നൽകാൻ എക്സൈസ് വകുപ്പ് തീരുമാനിച്ചിരുന്നു. കൊവിഡിനെ തുടര്‍ന്ന് ടെൻഡർ ചെയ്‌ത ലൈസൻസ് ഫീസിൽ 2021 ഡിസംബർ 28 മുതൽ 2022 ജനുവരി 27 വരെ ഇളവ് അനുവദിക്കുകയും ചെയ്‌തു. ഇത് ഖജനാവിന് 144.36 കോടി രൂപയുടെ നഷ്‌ടമുണ്ടാക്കിയെന്നും കേസില്‍ പറയുന്നു. 2022 ജൂലൈ 30ന് പുതിയ മദ്യനയം ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചു.

മദ്യനയം പിന്‍വലിച്ചതോടെ ആറുമാസത്തേക്ക് പഴയനയം തുടരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തുകയും സിബിഐ പിടിമുറുക്കുകയുമായിരുന്നു. രാജ്യത്തെ മികച്ച മദ്യനയമാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്നും അഴിമതി നടത്തിയിട്ടില്ലെന്നുമാണ് മന്ത്രി സിസോദിയ വിവാദത്തില്‍ നേരത്തേ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ALSO READ |ഡല്‍ഹി മദ്യനയക്കേസ്; കെസിആറിന്‍റെ മകള്‍ കവിതയെ ചോദ്യം ചെയ്‌തത് 9 മണിക്കൂര്‍

Last Updated : Apr 14, 2023, 7:33 PM IST

ABOUT THE AUTHOR

...view details