ന്യൂഡല്‍ഹി:മദ്യനയ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചെയ്‌ത നടപടിക്കെതിരെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സുപ്രീം കോടതിയില്‍. ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ അഭിഷേക് സിങ്‌വി കോടതിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ ഇന്ന് ഉച്ചതിരിഞ്ഞ് 3:50ന് വാദം കേള്‍ക്കാമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് അറിയിച്ചു.
അഭിഷേക് സിങ്‌വി ഉന്നയിച്ച വാദം കേട്ട ചീഫ് ജസ്റ്റിസ്, ഹൈക്കോടതിയെ സമീപിക്കാതെ എന്തുകൊണ്ടാണ് സുപ്രീം കോടതിയിലെത്തിയതെന്ന് സിസോദിയയുടെ അഭിഭാഷകനോട് ചോദിച്ചിരുന്നു. ഇതിന് മറുപടിയായി 2021ല്‍ വിനോദ് ദുവെ കേസില്‍ സമാനമായ രീതിയില്‍ സുപ്രീം കോടതി ഹര്‍ജി പരിഗണിച്ചിട്ടുണ്ടെന്ന് സിങ്‌വി ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് സിസോദിയയുടെ ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.
അതേസമയം, ഡല്‍ഹി ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയയെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കാനുള്ള ക്രമീകരണങ്ങള്‍ ഇന്ന് ഡല്‍ഹിയിലെ ആസ്ഥാനത്ത് സിബിഐ ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഞായറാഴ്‌ചയായിരുന്നു സിബിഐ സിസോദിയയെ അറസ്റ്റ് ചെയ്‌തത്. തുടര്‍ന്ന് ഇന്നലെ കേസ് പരിഗണിച്ച ഡല്‍ഹി റോസ് അവന്യു കോടതി അദ്ദേഹത്തെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
കേസില്‍ സിസോദിയയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കണം എന്നായിരുന്നു സിബിഐയുടെ ആവശ്യം. ഈ ആവശ്യം ജഡ്‌ജി എന്‍ കെ നാഗ്‌പാല്‍ അംഗീകരിച്ചു. മുതിര്‍ന്ന അഭിഭാഷകരായ മോഹിത് മാത്തൂര്‍, ദയന്‍ കൃഷ്‌ണന്‍ എന്നിവരായിരുന്നു ഡല്‍ഹി റോസ് അവന്യു കോടതിയില്‍ സിസോദിയക്ക് വേണ്ടി ഹാജരായത്.
Also Read:മദ്യനയ അഴിമതി കേസ് : മനീഷ് സിസോദിയ മാര്‍ച്ച് നാല് വരെ സിബിഐ കസ്റ്റഡിയില്‍