ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇതുവരെ കൊവിഡ് മൂലം 2000ലധികം കുട്ടികള്‍ അനാഥരായെന്ന് ബാലാവകാശ കമ്മിഷൻ. ബാലാവകാശ കമ്മിഷന്‍റെ സര്‍വേ പ്രകാരം അച്ഛനെയോ അമ്മയെയോ അല്ലെങ്കില്‍ രണ്ട് പേരെയും നഷ്ടപ്പെട്ട 2029ലധികം കുട്ടികളാണ് രാജ്യതലസ്ഥാനത്തുള്ളത്. ഇതിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടത് 67 കുട്ടികള്‍ക്കാണ്. 651 കുട്ടികൾക്ക് അമ്മയെയും, 1,311 പേര്‍ക്ക് അച്ഛനെയും കൊവിഡ് മൂലം നഷ്ടപ്പെട്ടു.
സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും
വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനായി ഈ കുട്ടികളുടെ വിവരങ്ങള്‍ വനിതാ ശിശു വികസന വകുപ്പിന് കൈമാറിയിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കായി ഡല്‍ഹി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയിൽ അര്‍ഹതപ്പെട്ടവരെ ഉള്‍പ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ വിദ്യാഭ്യാസച്ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നേരത്തെ പറഞ്ഞിരുന്നു. ഇത്തരം കുട്ടികൾക്ക് പ്രതിമാസം 2500 രൂപ നൽകാനുമാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.
വിളിപ്പുറത്തുണ്ട് ഹെൽപ്പ് ലൈൻ
കുട്ടികളുടെ സംരക്ഷണത്തിനായി +91 9311551393 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കുട്ടികളുമായി ബന്ധപ്പെട്ട കേസുകള്‍ അറിയിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്കും ഈ നമ്പറില്‍ ബന്ധപ്പെടാം. ആരോഗ്യവകുപ്പ് നൽകിയ ഡാറ്റ ഉപയോഗിച്ച് കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ തിരിച്ചറിയുന്നതിനും വിവിധ ക്ഷേമ സർവേകൾ നടത്തുന്നതിനും കമ്മിഷൻ ഈ ഹെൽപ്പ് ലൈൻ നമ്പര്‍ ഉപയോഗിച്ചുവെന്നും ഒദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
ആശ്വാസമായത് 4500ലധികം പേര്‍ക്ക്
ഏപ്രിലില്‍ ആരംഭിച്ച ഡിസിപിസിആറിന്‍റെ ഹെല്‍പ്പ് ലൈൻ സംവിധാനത്തിലൂടെ ഇതുവരെ 4500ലധികം പരാതികളാണ് വന്നിട്ടുള്ളത്. ഇതില്‍ അടിയന്തരമായി പരിഹരിക്കേണ്ട 2,200 പരാതികളാണ് ലഭിച്ചത്. വൈദ്യസഹായം, റേഷൻ, കുട്ടികളെ ഉപേക്ഷിച്ച കേസുകള്‍, കൊവിഡ് പരിശോധന സംബന്ധിച്ച കാര്യങ്ങള്‍ എന്നിവയാണ് അടിയന്തരമായി പരിഹരിക്കേണ്ടവയില്‍ ഉള്‍പ്പെടുന്നത്. 85 ശതമാനം കേസുകള്‍ 24 മണിക്കൂറിനുള്ളിലും ബാക്കിയുള്ളവ 72 മണിക്കൂറിനുള്ളിലും പരിഹരിക്കാൻ സാധിച്ചുവെന്ന് ബാലാവകാശ കമ്മിഷൻ മേധാവി അനുരാഗ് കുണ്ടു പറഞ്ഞു.
Also Read: രാജ്യത്തിന് ആശ്വാസദിനം; 48,786 പേർക്ക് കൊവിഡ്