ന്യൂഡൽഹി: ഡൽഹിയിലെ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ഡൽഹിയിൽ 13,336 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സാഹചര്യം വളരെ മോശമായതിനെ തുടർന്ന് ലോക്ക്ഡൗണിലാണ് ഡൽഹി.
ലോക്ക് ഡൗൺ കാലയളവിൽ കൊവിഡ് പരിശോധനകളുടെ എണ്ണത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. 49,787 ആർടി-പിസിആർ, സിബിഎൻഎടി, ട്രൂ നാറ്റ് ടെസ്റ്റുകൾ, 11,765 റാപ്പിഡ് ആന്‍റിജൻ പരിശോധനകൾ എന്നിവയുൾപ്പെടെ 61,552 പരിശോധനകൾ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ നടന്നത്. കൂടാതെ തലസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 21.67 ശതമാനമായി കുറഞ്ഞു.
ഡൽഹിയിൽ അഞ്ച് ദിവസങ്ങൾക്ക് ശേഷം ആദ്യമായാണ് കൊവിഡ് മരണം 300ൽ താഴെ വരുന്നത്. 24 മണിക്കൂറിൽ ദേശിയ തലസ്ഥാനത്ത് 273 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് മരണ നിരക്ക് 1.46 ശതമാനമായി കുറഞ്ഞു. ദേശിയ തലസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 13,23,567 ആയി, മരണ നിരക്ക് 19,344 ആയി. നഗരത്തിൽ നിലവിൽ 86,232 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്.
കഴിഞ്ഞ 24 മണിക്കൂറിൽ 1,29,142 പേരാണ് കൊവിഡ് വാക്‌സിനേഷന് വിധേയരായി. 90,289 പേർ കൊവിഡിന്‍റെ ആദ്യ വാക്‌സിൻ സ്വീകരിച്ചുവെന്നും 38,853 പേർ രണ്ടാം ഘട്ട വാക്‌സിൻ സ്വീകരിച്ചുവെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. അതേ സമയം ഡൽഹിയിലെ ലോക്ക് ഡൗൺ മെയ് 17 വരെ നീട്ടി. കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തിൽ ഏപ്രിൽ 19 മുതൽ ഡൽഹിയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് ഡൽഹിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിൽ നിന്ന് 23 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഡൽഹി മെട്രോയും പൊതു ഇടങ്ങളിൽ നടക്കുന്ന വിവാഹാഘോഷങ്ങളും സർക്കാർ നിരോധിച്ചിട്ടുണ്ട്.
Read more: ഡല്‍ഹിയില്‍ മെയ് 17 വരെ ലോക്ക്ഡൗണ്‍ നീട്ടി: മെട്രോ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു