ന്യൂഡൽഹി:ഡൽഹിയിലെ കൊവിഡ് -19 പോസിറ്റിവിറ്റി നിരക്ക് ഏഴ് ശതമാനത്തിൽ താഴെയായതായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ ഇത് അഞ്ച് ശതമാനമായി കുറയുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 4,006 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നവംബർ ഏഴിന് പോസിറ്റീവ് നിരക്ക് 15 ശതമാനമായിരുന്നു. നിലവിൽ ആശുപത്രികളിൽ 1,600 തീവ്രപരിചരണ വിഭാഗവും 11,000 കിടക്കകളും ലഭ്യമാണ്.
അതിർത്തിയിൽ നടക്കുന്ന കർഷക പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ തിക്രി, സിങ്കു അതിർത്തികളിൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സത്യേന്ദർ ജെയിൻ പറഞ്ഞു. രാജ്യ തലസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 5,74,380 ആണ്.
കൊവിഡ് മരണ സംഖ്യ 9,260 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 86 പേർ വൈറസ് ബാധിച്ച് മരണമടഞ്ഞു. തിങ്കളാഴ്ച 5,036 പേർ രോഗ മുക്തരായി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 5,33,351 ആയി. നിലവിൽ 31,769 സജീവ രോഗബാധിതരാണ് തലസ്ഥാനത്തുള്ളത്.