ന്യൂഡൽഹി:സുനന്ദ പുഷ്‌കർ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂർ കുറ്റവിമുക്തൻ. പ്രതിപ്പട്ടികയില്‍ നിന്ന് തരൂരിനെ കോടതി ഒഴിവാക്കി. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് വിധി. ജഡ്‌ജി ഗീതാജ്ഞലി ഗോയലാണ് വിധി പറഞ്ഞത്.
പൊലീസിനെതിരായ തരൂരിന്‍റെ വാദങ്ങൾ അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. സുനന്ദ പുഷ്‌കർ ആത്മഹത്യ ചെയ്‌തതാണെന്ന് തെളിയിക്കാൻ പൊലീസിന് കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ആത്മഹത്യ പ്രേരണക്കുള്ള കുറ്റം നിലനിൽക്കില്ല എന്ന തരൂരിന്‍റെ വാദം കോടതി അംഗീകരിച്ചു. വിവിധ മെഡിക്കൽ ബോര്‍ഡുകളുടെ റിപ്പോര്‍ട്ടുകളും കോടതി കണക്കിലെടുത്തു.
വിർച്വൽ ഹിയറിങ്ങിൽ പങ്കെടുത്ത ശശി തരൂർ കോടതിയോട് നന്ദി പറഞ്ഞു. കഴിഞ്ഞ ഏഴര വർഷം തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും ആ ദുഃസ്വപ്‌നത്തിൽ നിന്നുള്ള മോചനമാണ് വിധിയെന്നും കോടതിയോട് തരൂർ പറഞ്ഞു. തരൂരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ വികാസ് പഹ്വ, അഡ്വ. ഗൗരവ് ഗുപ്‌ത എന്നിവരാണ് കോടതിയിൽ ഹാജരായത്. ബുധൻ, വ്യാഴം ദിവസങ്ങളിലായി ബോണ്ട് സമർപ്പിക്കുമെന്നും കോടതിയെ അറിയിച്ചു. ഡൽഹി പൊലീസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അതുൽ കുമാറാണ് കോടതിയിൽ ഹാജരായത്.
ആത്മഹത്യ പ്രേരണ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് 2018 മേയ് 15ന് ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നത്.
ALSO READ:ചാണകമെന്ന് വിളിക്കുന്നതിൽ സന്തോഷം, നിര്‍ത്തരുതെന്നും സുരേഷ് ഗോപി