ന്യൂഡല്‍ഹി : കുട്ടികൾക്ക് അപകടകരമായ പുതിയ കൊവിഡ് വകഭേദം സിംഗപ്പൂരിൽ കണ്ടെത്തിയെന്ന, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ വാദം നിഷേധിച്ച് ആ രാജ്യത്തിന്‍റെ ആരോഗ്യമന്ത്രാലയം. കെജ്‌രിവാളിന്‍റെ വാദം സത്യമല്ലെന്നായിരുന്നു പ്രതികരണം. ഡല്‍ഹി മുഖ്യമന്ത്രിയുടെ വാദങ്ങളോട് സിംഗപ്പൂർ ശക്തമായി പ്രതികരിച്ചതോടെ ഇന്ത്യക്ക് വേണ്ടി ഇനി കെജ്‌രിവാള്‍ സംസാരിക്കേണ്ടതില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രി ഡോ.എസ്.ജയ്‌ശങ്കറിന്‍റെ മറുപടി. കുട്ടികൾക്ക് അപകടകരമെന്ന് പറയപ്പെടുന്ന കൊറോണ വൈറസിന്‍റെ പുതിയ വകഭേദത്തെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയ അരവിന്ദ് കെജ്‌രിവാൾ, സിംഗപ്പൂരിലേക്കും പുറത്തേക്കും ഉള്ള എല്ലാ വിമാനങ്ങളും റദ്ദാക്കണമെന്ന് ചൊവ്വാഴ്ച കേന്ദ്രത്തോട് അഭ്യർഥിച്ചിരുന്നു.
സിംഗപ്പൂരിലെ കൊവിഡ് വകഭേദത്തെക്കുറിച്ച് കെജ്‌രിവാള്‍ നടത്തിയ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. ഇതിനെതിരെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി സിംഗപ്പൂര്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദം തന്നെയാണ് സിംഗപ്പൂരിലും കണ്ടെത്തിയതെന്ന് അധികൃതര്‍ വിശദീകരിച്ചു. ഇന്ത്യയും സിംഗപ്പൂരും ഒരുമിച്ചാണ് കൊവിഡിനെതിരെ പൊരുതുന്നത്. രാജ്യത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാക്കുന്നതില്‍ സിംഗപ്പൂര്‍ നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്. നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധത്തെ മോശമായി ബാധിക്കും. അതുകൊണ്ട് തന്നെ ഇന്ത്യക്ക് വേണ്ടി സംസാരിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമായി പറയാന്‍ ആഗ്രഹിക്കുന്നുവെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു.