ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്‍ അറസ്റ്റിലായ പോലെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഉടൻ വ്യാജ കേസിൽ അറസ്റ്റിലാകുമെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
കള്ളക്കേസിൽ സത്യേന്ദർ ജെയിൻ അറസ്റ്റിലാകാൻ പോകുന്നുവെന്ന് കുറച്ച് മാസങ്ങൾക്ക് മുൻപ് വിശ്വസ്‌ത കേന്ദ്രങ്ങളിൽ നിന്ന് തനിക്ക് വിവരം ലഭിച്ചിരുന്നു. ഇപ്പോൾ മറ്റൊരു കള്ളക്കേസിൽ മനീഷ് സിസോദിയ ഉടൻ അറസ്റ്റിലാകുമെന്ന് അതേ കേന്ദ്രങ്ങളിൽ നിന്ന് തനിക്ക് വിവരം കിട്ടിയെന്ന് കെജ്‌രിവാൾ മാധ്യമങ്ങളോട് പറഞ്ഞു.
സിസോദിയ ഡൽഹിയിലെ വിദ്യാഭ്യാസ സംസ്‌കാരത്തിന്‍റെ പിതാവാണെന്നും സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയാണെന്നും കെജ്‌രിവാൾ പറഞ്ഞു. സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ ഭാവി മെച്ചപ്പെടുത്താനാണ് സിസോദിയ പ്രവർത്തിച്ചിരുന്നത്. ഡൽഹിയിൽ മാത്രമല്ല, സർക്കാർ സ്‌കൂളുകളിൽ മികച്ച വിദ്യാഭ്യാസം ലഭിക്കുമെന്ന് രാജ്യമെമ്പാടുമുള്ള കുട്ടികൾക്ക് സിസോദിയ പ്രതീക്ഷ നൽകി.