ന്യൂഡല്‍ഹി: ഒമിക്രോണ്‍ കേസുകള്‍ ഉയര്‍ന്നതിന് പിന്നാലെ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. നിയന്ത്രണത്തിന്‍റെ ആദ്യ ഘട്ടമായ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. നിലവില്‍ 165 ഒമിക്രോണ്‍ കേസുകളാണ് രാജ്യതലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
മെട്രോ, ബാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ പകുതി ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കണം. വിവാഹം, സംസ്‌കാര ചടങ്ങ് എന്നിവക്ക് 20 ല്‍ കൂടുതല്‍ പേരെ അനുവദിക്കില്ല. സ്‌പാ, ജിം എന്നിവ അടച്ചു. ബസുകളില്‍ 50 ശതമാനം യാത്രക്കാരും ഓട്ടോ, ടാക്‌സി എന്നിവയില്‍ രണ്ടില്‍ കൂടുതല്‍ യാത്രക്കാരേയും അനുവദിക്കില്ല. എല്ലാ ഹോട്ടലുകളും ക്വാറന്‍റീന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കാനും നിര്‍ദേശമുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ ഹോട്ടലുകളിലേക്ക് മാറ്റും.
കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും ഓക്‌സിജന്‍റേയോ വെന്‍റിലേറ്ററുകളുടെയോ ഉപയോഗത്തില്‍ വര്‍ധനവ് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കേസുകളിലെ വർധനവിനെ നേരിടാന്‍ മുന്‍പത്തേക്കാള്‍ പത്ത് മടങ്ങ് കൂടുതല്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒമിക്രോൺ ഭീതിക്കിടയില്‍ ഡൽഹിയിൽ കഴിഞ്ഞ ദിവസം 331 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ജൂൺ 9 ന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക് 0.68 ശതമാനമായി ഉയർന്നു.