ബെംഗളൂരു : പെൺസുഹൃത്തിനെ കൊലപ്പെടുത്തി ഒരു മാസമായി ഒളിവിൽ കഴിയുകയായിരുന്ന ഡൽഹി സ്വദേശിയായ യുവാവിനെ ബെംഗളൂരു പൊലീസ് പിടികൂടി. ഹൈദരാബാദിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ അർപിത് കരിക് ആണ് അറസ്‌റ്റിലായത്. ഹൈദരാബാദ് സ്വദേശിനിയായ ആകാൻക്ഷ (23)യെയാണ് ഇയാൾ കൊലപ്പെടുത്തിയത്.
കേസിനാസ്‌പദമായ സംഭവം : ജൂൺ അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. നാല് വർഷമായി അർപിത് ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ മാർക്കറ്റിംഗ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. ഒന്നര വർഷം മുൻപാണ് ആകാൻക്ഷയെ കണ്ടുമുട്ടുന്നത്. ക്രമേണ അടുപ്പത്തിലായ സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ ഇരുവരും ജീവൻ ഭീമ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊടിഹള്ളിയിലെ സ്വകാര്യ അപ്പാർട്ട്‌മെന്‍റില്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്.
മാസങ്ങൾക്ക് മുൻപ് ജോലിയിൽ സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് അർപിത് ഹൈദരാബാദിലേക്ക് താമസം മാറി. ഇതിനിടെ ആകാൻക്ഷ മറ്റൊരാളുമായി അടുപ്പത്തിലായെന്ന പേരിൽ ഇരുവരും തമ്മിൽ പലപ്പോഴും വാക്കേറ്റമുണ്ടായിരുന്നതായി ബെംഗളൂരു സിറ്റി ഈസ്റ്റ് ഡിസിപി ഭീമശങ്കർ ഗുലേദ് പറഞ്ഞു. തന്നെ വിവാഹം കഴിക്കാൻ അർപിത് ആകാൻക്ഷയെ നിർബന്ധിച്ചെങ്കിലും ബന്ധം പിരിയണമെന്ന് യുവതി നിർദേശിച്ചു.
മൊബൈൽ ഫ്ലാറ്റിൽ ഉപേക്ഷിച്ചു : ഇതിൽ ക്ഷുഭിതനായ അർപിത് ജൂൺ അഞ്ചിന് ഹൈദരാബാദിൽ നിന്ന് ജീവൻ ഭീമനഗറിലെ കൊടിഹള്ളിയിലുള്ള ആകാൻക്ഷയുടെ ഫ്ലാറ്റിൽ എത്തി വാക്കേറ്റമുണ്ടാവുകയും യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടപ്പോൾ മൃതദേഹം ഫ്ലാറ്റിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് കണ്ടെത്താതിരിക്കാൻ പ്രതി തന്‍റെ ഫോൺ യുവതിയുടെ ഫ്ലാറ്റിൽ തന്നെ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്.
തുടർന്ന് ബൈയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോയിൽ യാത്ര ചെയ്യുകയും അവിടെ നിന്ന് കെ.ആർ പുരവരെ കാൽനടയായി പോവുകയും ചെയ്‌തു. അവിടെ നിന്നാണ് പ്രതിയെ കാണാതായത്. ആകാൻക്ഷയ്‌ക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു വ്യക്തി മുറിയിൽ എത്തിയപ്പോഴാണ് യുവതി കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. തുടർന്ന് ജീവൻ ഭീമ നഗർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
also read :Murder Case | പെൺസുഹൃത്തിനെ കൊലപ്പെടുത്തി രക്ഷപ്പെട്ടു; യുവാവിനായി ലുക്ക് ഔട്ട് നോട്ടിസ് ഇറക്കി ബെംഗളൂരു പൊലീസ്
പ്രതിയ്ക്കായി ലുക്ക് ഔട്ട് നോട്ടിസ് : പ്രതിയുടെ കുടുംബാംഗങ്ങളെയും പരിചയക്കാരെയും ചോദ്യം ചെയ്‌തിട്ടും യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് ഇയാളെ കണ്ടെത്താൻ ബെംഗളൂരു പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു. ഇയാൾക്കായി ബെംഗളൂരു പൊലീസ് മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് ഡൽഹി, അസം, വിജയവാഡ എന്നിവിടങ്ങളിൽ തുടർച്ചയായി അന്വേഷണം നടത്തുന്നതിനിടെയാണ് കുറ്റകൃത്യം നടന്ന് ഒരു മാസത്തിന് ശേഷം ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിന് സമീപത്തുനിന്ന് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. അർപിത്തിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.