ന്യൂഡൽഹി:ഡൽഹിയിലെ വായു മലിനീകരണം (Air Pollution) രൂക്ഷമായ സാഹചര്യത്തിൽ വായു മലിനീകരണ തോത് കുറയ്ക്കുന്നതിന് രണ്ട് ദിവസത്തെ ലോക്ക്ഡൗൺ (Lock down) പ്രഖ്യാപിക്കാമെന്ന് സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി (Supreme court).
ഡൽഹി-എൻസിആറിലെ ഉയർന്ന മലിനീകരണവുമായി ബന്ധപ്പെട്ട് മലിനീകരണ തോത് കുറക്കുന്നതിന് നിർദേശങ്ങൾ ആവശ്യപ്പെട്ട് വിദ്യാർഥിയായ ആദിത്യ ദുബെ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ നിർദേശം. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് ഡൽഹിയിലെ വായു മലിനീകരണം കുറക്കാൻ എന്താണ് ചെയ്യുന്നതെന്ന് കേന്ദ്രത്തോട് ചോദിച്ചു. വീടിനുള്ളിൽ വരെ മാസ്‌ക് ധരിച്ചിരിക്കേണ്ട അവസഥയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
വായു മലിനീകരണം കുറക്കാൻ വേണ്ടി എയർ ക്വാളിറ്റി മാനേജ്മെന്‍റ് കമ്മിഷൻ സ്വീകരിച്ച നടപടികൾ കോടതിയിൽ വിശദീകരിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത വൈക്കോൽ കത്തിക്കുന്നത് തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് അറിയിച്ചു. എന്നാൽ വൈക്കോൽ കത്തിക്കുന്നത് മാത്രമല്ല ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമാകാൻ കാരണമെന്നും ഈ അവസ്ഥക്ക് കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും ഒരുപോലെ പങ്കുണ്ടെന്നും സുപ്രീം കോടതി വിമർശിച്ചു.