ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനാക്കി ഡല്‍ഹി എയിംസ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും തീരുമാനിച്ചു. എമര്‍ജെന്‍സി വാര്‍ഡിലെത്തുന്ന മുഴുവന്‍ രോഗികള്‍ക്കും റാപിഡ് ആന്‍റിജന്‍ പരിശോധന നടത്തും. എയിംസിലെ മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥികള്‍ക്ക് വീട്ടിലേക്ക് പോവാനും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനും നിര്‍ദേശം നല്‍കിയതായി എയിംസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. എയിംസ് ഡയറക്‌ടര്‍ രണ്‍ദീപ് ഗുലേറിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ആവശ്യമായ തീരുമാനങ്ങളെടുത്തിരിക്കുന്നത്.
കൊവിഡ് : അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനാക്കി ഡല്‍ഹി എയിംസ് - AIIMS
മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥികള്‍ക്ക് വീട്ടിലേക്ക് പോവാനും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനും ഡല്‍ഹി എയിംസ് നിര്‍ദേശം നല്‍കി.
കൊവിഡ് വ്യാപനം തടയുന്നതിനായി ഒപി രജിസ്ട്രേഷനുകളും, സ്പെഷ്യാലിറ്റി ക്ലിനിക്കുകളും ഏപ്രില്‍ എട്ട് മുതല്‍ താല്‍ക്കാലികമായി അടച്ചിടാനും നിര്‍ദേശമുണ്ട്. മുന്‍കൂര്‍ ടോക്കണെടുക്കുന്നവര്‍ക്ക് ഒപി സൗകര്യം ലഭ്യമാവും. മറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റുകളിലും പ്രതിദിനം രോഗികളുടെ എണ്ണം നിശ്ചയിക്കാവുന്നതാണ്. അതേസമയം ഡല്‍ഹിയില്‍ ഏപ്രില്‍ 30 വരെ രാത്രി 10 മുതല്‍ രാവിലെ 5 വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 5100 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 17 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും െചയ്‌തു.