ന്യൂഡല്‍ഹി:തുടര്‍ച്ചയായ എട്ടാം ദിവസവും സെർവർ പ്രവർത്തനരഹിതമായി ഡല്‍ഹിയിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്). സൈബർ സുരക്ഷ ലംഘിച്ചതിന് രണ്ട് അനലിസ്‌റ്റുകളെ സസ്‌പെന്‍ഡ് ചെയ്‌തതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിനായി ആരംഭിച്ച ശുചീകരണ പ്രക്രിയയുടെ ഭാഗമായി (സാനിറ്റൈസേഷന്‍) ആശുപത്രിയിലുള്ള 50 സെര്‍വറുകളില്‍ 25 എണ്ണവും 400 എന്‍റ് പോയിന്‍റ് കമ്പ്യൂട്ടറുകളും സ്‌കാന്‍ ചെയ്‌തതായി ഇവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്‌ച പകലോടെയാണ് ഡല്‍ഹി എയിംസിന്‍റെ സെര്‍വറുകള്‍ പ്രവർത്തനരഹിതമാകുന്നത്. ഇത് പരിഹരിക്കാന്‍ കഴിയാതായതോടെ മൂന്ന് മുതല്‍ നാല് കോടി രോഗികളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടേക്കാമെന്നും എയിംസ് അധികൃതര്‍ ഭയപ്പെട്ടു. ഈ അവസ്ഥ മുതലെടുത്ത് 200 കോടി രൂപ ക്രിപ്‌റ്റോ കറന്‍സിയായി ആവശ്യപ്പെട്ട് ഹാക്കര്‍മാരും രംഗത്തെത്തിയിരുന്നു. മാത്രമല്ല പ്രശ്‌നത്തെ തുടര്‍ന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗം, ഔട്ട് പേഷ്യന്‍റ് (ഒപി) വിഭാഗം, ഇന്‍ പേഷ്യന്‍റ് (ഐപി) വിഭാഗം, ലബോറട്ടറി തുടങ്ങിയ ഇടങ്ങളിലെ സേവനങ്ങള്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് മാറുകയും ചെയ്‌തിരുന്നു.
മടങ്ങി വരൂ: മുൻ പ്രധാനമന്ത്രിമാർ, മന്ത്രിമാർ, ബ്യൂറോക്രാറ്റുകൾ, ജഡ്‌ജിമാർ തുടങ്ങിയ വിവിഐപികളുടെ വിവരങ്ങള്‍ ഉള്‍പ്പടെയുള്ള സെര്‍വറുകളായതിനാല്‍ അന്വേഷണ ഏജൻസികളുടെ ശുപാർശ പ്രകാരം ആശുപത്രിയിലെ കമ്പ്യൂട്ടറുകളിൽ ഇന്‍റര്‍നെറ്റ് സേവനങ്ങൾ തടഞ്ഞതായി മുമ്പ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്‌നം പരിഹരിക്കുന്നതിനായി ശുചീകരണ പ്രക്രിയ ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി ഇ-ഹോസ്‌പിറ്റൽ ഡാറ്റാബേസും ഇ-ഹോസ്‌പിറ്റലിനായുള്ള ആപ്ലിക്കേഷൻ സെർവറുകളും പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്നും എയിംസ് മുമ്പ് വ്യക്തമാക്കിയിരുന്നു.