ന്യൂഡല്‍ഹി:ഇസ്രയേലിലേക്കുള്ള വിമാനത്തിൽ കയറുന്നതിന് ഒരു ദിവസം മുമ്പ് മണിപ്പൂരിൽ നിന്നുള്ള ബ്നെ മെനാഷെ ജൂത സമൂഹത്തിലെ രണ്ട് കുട്ടികൾ ഉൾപ്പെടെ 40 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദേശീയ തലസ്ഥാനത്തെ കരോൾ ബാഗ് പ്രദേശത്തെ ഒരു ഹോട്ടലിൽ താമസിക്കുകയായിരുന്നു സംഘം. എല്ലാ രോഗികളെയും ഗുരു തേജ് ബഹാദൂർ കൊവിഡ് കെയർ സെന്‍ററിലേക്ക് മാറ്റി.
Read Also………..കർണാടകയിൽ 16,387 പേർക്ക് കൂടി കൊവിഡ്, 463 മരണം
കുട്ടികൾ, ശിശുക്കൾ, സ്ത്രീകൾ എന്നിവര്‍ സംഘത്തിലുണ്ടെന്നും, അവർക്ക് ഹിന്ദി മനസ്സിലാകുന്നില്ലെന്നും ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് മഞ്ജിന്ദർ സിംഗ് സിർസ പറഞ്ഞു. അവരിൽ മൂന്ന് പേർക്ക് മാത്രമേ ഹിന്ദി മനസ്സിലാകൂ. ഇംഗ്ലീഷ് സംസാരിക്കുന്നവരെ അവരുടെ പരിചരണത്തിനായി നിയോഗിച്ചിട്ടുണ്ടെന്നും എല്ലാവരും ആരോഗ്യത്തോടെ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നതായും സിര്‍സ കൂട്ടിച്ചേർത്തു.
നൂറിലധികം ആളുകളാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ 40 പേരിലാണ് കൊവിഡ് ബാധ കണ്ടെത്തിയത്. അതേസമയം ഗുരുതരാവസ്ഥയിലായിരുന്ന രണ്ട് രോഗികളെ എൽഎൻജെപി ആശുപത്രിയിലേക്ക് മാറ്റിയതായി കൊവിഡ് കെയര്‍ സെന്‍റര്‍ ചുമതലയുള്ള ഭൂപീന്ദർ സിങ് ഭൂലാർ അറിയിച്ചു.