ഉത്തരാഖണ്ഡ്/ഡെറാഡൂൺ: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ ഡെറാഡൂൺ ഭരണകൂടം പോസ്‌റ്ററുകളും ബാനറുകളും നീക്കം ചെയ്‌തു. ശനിയാഴ്‌ച മുതലാണ് സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെ ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്യുന്നത് ആരംഭിച്ചെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ആർ രാജേഷ് കുമാർ പറഞ്ഞു.
പൊതുഇടങ്ങളിലും സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്നതുമായ രാഷ്‌ട്രീയ പാർട്ടികളുടെ ബാനറുകൾ 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്നായിരുന്നു ജില്ലാ മജിസ്‌ട്രേറ്റിന് ലഭിച്ച നിർദേശം.
കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാകും ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നത്. ഡിജിറ്റൽ പ്രചാരണത്തിന് പ്രാധാന്യം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്‌ട്രീയ പാർട്ടികളോട് അഭ്യർഥിച്ചിരുന്നു. റാലികളും പൊതു സമ്മേളനങ്ങൾക്കും കമ്മിഷൻ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി ശനിയാഴ്‌ചയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്. ഉത്തരാഖണ്ഡിൽ ഒറ്റഘട്ടമായാണ് ഫെബ്രുവരി 14ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10നാണ് വോട്ടെണ്ണൽ നടക്കുക.
READ MORE:Assembly Election 2022: മഹാമാരി കാലത്തെ ഡിജിറ്റല്‍ തെരഞ്ഞെടുപ്പ്; അഞ്ച് സംസ്ഥാനങ്ങളിലെ തിയതി പ്രഖ്യാപിച്ചു