എറണാകുളം: രാജ്യത്തിന്‍റെ സമ്പന്നമായ സംസ്‌കാരത്തെ ലോകം അംഗീകരിക്കുന്നുവെന്നും അത് സ്വീകരിക്കുന്നുവെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ആഗോളതലത്തിൽ യോഗ ആഘോഷിക്കപ്പെടുന്നത് ഇന്ത്യയ്ക്ക് അഭിമാനകരമാണ്. അന്താരാഷ്‌ട്ര യോഗ ദിനത്തോടനുബന്ധിച്ച് കൊച്ചിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാരുന്നു മന്ത്രി. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ ഇന്ത്യൻ നാവികസേനയിലെ ഉദ്യോഗസ്ഥർക്കൊപ്പം യോഗ ചെയ്‌ത മന്ത്രി ആഘോഷച്ചടങ്ങിൽ പങ്കെടുത്തവരുമായി ആശയവിനിമയം നടത്തുകയും ചെയ്‌തു.
'ഇന്ന് ലോകമെമ്പാടും അന്താരാഷ്‌ട്ര യോഗ ദിനം ആഘോഷിക്കുന്നത് ഇന്ത്യയ്ക്ക് അഭിമാനകരമാണെന്നും നമ്മുടെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും ആഗോളതലത്തിൽ അംഗീകരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒമ്പത് വർഷം മുമ്പാണ് ഐക്യരാഷ്‌ട്രസഭ യോഗയെ അംഗീകരിച്ചതെങ്കിലും ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത് നൂറ്റാണ്ടുകളായി പിന്തുടരുകയും പരിശീലിക്കുകയും ചെയ്യുന്നുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്നത്തെ കാലത്ത് തിരക്കേറിയ ജീവിതത്തിൽ നിരവധി ആളുകൾ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ടെന്നും ഈ പ്രശ്‌നങ്ങൾക്ക് ഫലപ്രദമായ ഏക പരിഹാരം യോഗ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ആറിന് പ്രതിരോധ മന്ത്രി നാവികസേനാംഗങ്ങൾക്കൊപ്പം അവരുടെ പ്രകടനത്തിൽ പങ്കെടുക്കുകയും വിമാനവാഹിനിക്കപ്പലിൽ യോഗ ദിന ആഘോഷങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്‌തു. ഉദ്യോഗസ്ഥരുടെ റാങ്കുകൾ പരിഗണിക്കാതെ നിരനിരയായി ഇരിപ്പിടമുറപ്പിക്കുകയും നിർദേശങ്ങൾക്ക് അനുസരിച്ച് ഒരു മണിക്കൂറോളം സമയം വ്യത്യസ്ത യോഗാസനങ്ങൾ പരിശീലിക്കുകയും ചെയ്‌തു. അഗ്നിവീർ ജവാൻമാരും യോഗയിൽ പങ്കെടുത്തു.