ന്യൂഡൽഹി :അഗ്നിപഥ് യോജന, സേനയ്ക്ക് അനിവാര്യമായ പരിഷ്‌കാരമാണെന്ന് സൈനിക മേധാവികൾ. സൈനികരുടെ ശരാശരി പ്രായം 26 ആയി കുറയ്ക്കാൻ അഗ്നിപഥ് എന്ന ഹ്രസ്വകാല സായുധസേന റിക്രൂട്ട്മെന്‍റ് ആവശ്യമാണെന്ന് കര-വ്യോമ-നാവിക സേന മേധാവികൾ വ്യക്തമാക്കി.
അടുത്ത 4-5 വർഷത്തിനുള്ളിൽ റിക്രൂട്ട് ചെയ്യുന്ന സൈനികരുടെ എണ്ണം 50,000-60,000 ആയിരിക്കും. തുടർന്ന് അത് 90,000 - 1 ലക്ഷം വരെ വർധിപ്പിക്കും. പദ്ധതി വിശകലനം ചെയ്യുന്നതിന്‍റെ ഭാഗമായും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമായി ആദ്യം 46,000 പേരെയാണ് റിക്രൂട്ട് ചെയ്യുന്നതെന്നും സൈനിക കാര്യ വകുപ്പ് അഡി.സെക്രട്ടറി ലഫ്.ജനറൽ അനിൽ പുരി പറഞ്ഞു.
രാഷ്‌ട്രസേവനത്തിനിടെ ജീവൻ നഷ്‌ടമാകുന്ന അഗ്നിവീരര്‍ക്ക് ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകും. അഗ്നിവീരര്‍ക്ക് സിയാച്ചിൻ പോലുള്ള പ്രദേശങ്ങളിലും മറ്റ് പ്രദേശങ്ങളിലും നിലവിൽ സേവനമനുഷ്‌ഠിക്കുന്ന സാധാരണ സൈനികർക്ക് ബാധകമായ അതേ അലവൻസ് ലഭിക്കും. സേവന സാഹചര്യങ്ങളിൽ അവരോട് വിവേചനം കാണിക്കില്ലെന്നും അനിൽ പുരി പറഞ്ഞു.
ഓരോ വർഷവും ഏകദേശം 17,600 പേർ മൂന്ന് സേനകളിൽ നിന്നായി കാലാവധി പൂർത്തിയാകുന്നതിനുമുൻപ് വിരമിക്കുന്നുണ്ട്. വിരമിച്ച ശേഷം എന്തുചെയ്യുമെന്ന് അവരോട് ആരും ചോദിക്കാൻ ശ്രമിച്ചിട്ടില്ല. സേനയിൽ പരിഷ്‌കരണത്തെക്കുറിച്ച് ദീർഘകാലമായി ചർച്ച നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അഗ്നിപഥിനെതിരായ പ്രതിഷേധത്തിന്‍റെയോ തീവയ്പ്പിന്‍റെയോ ഭാഗമായവരെ സേനയിൽ ചേർക്കില്ല. സേനയിൽ ചേരുന്ന ഓരോ വ്യക്തിയും പദ്ധതിയ്‌ക്കെതിരെ നടന്ന ഒരു പ്രതിഷേധത്തിന്‍റെയോ നശീകരണത്തിന്‍റെയോ ഭാഗമല്ലെന്ന് സർട്ടിഫിക്കറ്റ് നൽകണം. കൃത്യമായ പൊലീസ് വേരിഫിക്കേഷൻ നടന്നതിന് ശേഷം മാത്രമേ സൈന്യത്തിൽ ചേരാൻ സാധിക്കുകയുള്ളൂവെന്നും പുരി വ്യക്തമാക്കി.
വ്യോമസേനയിലെ അഗ്നിവീറിന്‍റെ ആദ്യ ബാച്ചിന്‍റെ രജിസ്‌ട്രേഷൻ ജൂൺ 24ന് ആരംഭിക്കുമെന്നും ജൂലൈ 24 മുതൽ ഒന്നാം ഘട്ട ഓൺലൈൻ പരീക്ഷ നടപടികൾ ആരംഭിക്കുമെന്നും എയർ മാർഷൽ എസ്.കെ ഝാ പറഞ്ഞു. ഡിസംബറോടെ എൻറോൾ ചെയ്യുന്ന ആദ്യ ബാച്ചിന്‍റെ പരിശീലനം ഡിസംബർ 30ന് പരിശീലനം ആരംഭിക്കുമെന്നും എയർ മാർഷൽ ഝാ അറിയിച്ചു.
ആദ്യത്തെ നാവികസേന അഗ്നിവീർ ഈ വർഷം നവംബർ 21 മുതൽ ഒഡിഷയിലെ പരിശീലന സ്ഥാപനമായ ഐഎൻഎസ് ചിൽകയിൽ എത്തിത്തുടങ്ങുമെന്ന് വൈസ് അഡ്‌മിറൽ ദിനേശ് ത്രിപാഠി പറഞ്ഞു. സ്ത്രീകൾക്കും പുരുഷന്മാർക്കും ഇവിടെ പ്രവേശനമുണ്ടെന്നും അദ്ദേഹം അറിയിച്ചു.