ഹൈദരാബാദ്: ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിന്‍റെ സീ ട്രയൽസിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. രാജ്യത്തിന്‍റെ തന്നെ പ്രതീക്ഷയായ വിമാനവാഹിനി കപ്പലിന്‍റെ അവസാനഘട്ട നിർമാണം കൊച്ചിൻ കപ്പൽ നിർമാണ ശാലയിൽ തുടരുകയാണ്. കപ്പലിന്‍റെ ബേസിൻ ട്രയൽസ് വിജയകരമായതോടെയാണ് സീ ട്രയൽസിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കൊച്ചിയിൽ
അതേസമയം യുദ്ധക്കപ്പലിന്‍റെ നിർമാണ പുരോഗതികൾ വിലയിരുത്താൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കൊച്ചി കപ്പൽശാല സന്ദർശിച്ചു. ഐഎൻഎസ് വിക്രാന്ത് ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിലെ നാഴിക കല്ലാണെന്നാണ് പ്രതിരോധ മന്ത്രി സന്ദർശനത്തിന് ശേഷം പറഞ്ഞത്. സമുദ്ര പ്രതിരോധ രംഗത്ത് ആഗോള ശക്തിയായി മാറുകയാണ് രാജ്യത്തിന്‍റെ ലക്ഷ്യം.
പ്രതിരോധ സേനയെ ശക്തിപ്പെടുത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. തദ്ദേശീയമായി കൊച്ചി കപ്പൽ ശാലയിൽ നിർമിക്കുന്ന ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് മുതൽകൂട്ടാകുമെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഡിസംബറിൽ വിമാനവാഹിനിക്കപ്പലിന്‍റെ ബേസിൻ പരീക്ഷണങ്ങൾ വിജയകരമായി നടത്തിയിരുന്നു.