ന്യൂഡൽഹി: തനിക്കെതിരായ കേസിൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദീപ് സിദ്ദു ഡൽഹി കോടതിയെ സമീപിച്ചു. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്ന ആവശ്യവുമായാണ് സിദ്ദു കോടതിയെ സമീപിച്ചത്. അഭിഭാഷകനായ അഭിഷേക് ഗുപ്‌ത സമർപ്പിച്ച ഹർജിയിലൂടെയാണ് സിദ്ദു ആവശ്യം ഉന്നയിച്ചത്. വെള്ളിയാഴ്‌ച ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഗജേന്ദർ സിംഗ് നഗർ സിദ്ദുവിന്‍റെ ഹർജി പരിഗണിക്കും.
ചെങ്കോട്ട അക്രമം; നിഷ്‌പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ദീപ് സിദ്ദു ഡൽഹി കോടതിയിൽ - ദീപ് സിദ്ദു വാർത്ത
അക്രമത്തിന് നേതൃത്വം നൽകിയത് സിദ്ദു ആണെന്ന് ഡൽഹി പൊലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു
ജനുവരി 26 ന് രാജ്യ തലസ്ഥാനത്ത് നടന്ന അക്രമത്തിൽ സിദ്ദുവിനെ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്‌തിരുന്നു. പിന്നീട് ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിലും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുമാണ് സിദ്ദു. അക്രമത്തിന് നേതൃത്വം നൽകിയത് സിദ്ദു ആണെന്ന് ഡൽഹി പൊലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കിസാൻ പരേഡിന്‍റെ അനുവദനീയമായ വഴി പിന്തുടരരുതെന്നും ജനുവരി 26 ന് ട്രാക്‌ടറുകളുമായി ബാരിക്കേഡുകൾ ലംഘിക്കണമെന്നും അദ്ദേഹം ജനക്കൂട്ടത്തെ പ്രേരിപ്പിച്ചതായും പൊലീസ് കോടതിയെ ബോധിപ്പിച്ചിരുന്നു.