ന്യൂഡല്‍ഹി: ട്രാക്‌ടര്‍ റാലിക്കിടെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദീപ് സിദ്ധുവിനെയും ഇഖ്‌ബാല്‍ സിങ്ങിനെയും തെളിവെടുപ്പിനായി ചെങ്കോട്ടയിലെത്തിച്ചു. അന്നേ ദിവസം നടന്ന അതിക്രമ സംഭവങ്ങള്‍ ഡല്‍ഹി പൊലീസ് ക്രൈം ബ്രാഞ്ച് പുനര്‍സൃഷ്‌ടിക്കും. സിദ്ധുവും ഇഖ്‌ബാലും ചെങ്കോട്ടയിലേക്ക് പ്രവേശിച്ച വഴി ക്രൈം ബ്രാഞ്ച് സംഘം പരിശോധിക്കും. ലുധിയാന സ്വദേശിയാണ് നാല്‍പത്തഞ്ചുകാരനായ ഇഖ്‌ബാല്‍ സിങ്. പഞ്ചാബി നടനായ ദീപ് സിദ്ധുവും ഇഖ്‌ബാല്‍ സിങ്ങും കൂടെയുള്ളവരും ട്രാക്‌ടര്‍ റാലിയുടെ ഭാഗമായാണ് ചെങ്കോട്ടയിലെത്തിയത്.
ദീപ് സിദ്ധുവിനെയും ഇഖ്‌ബാല്‍ സിങ്ങിനെയും തെളിവെടുപ്പിനായി ചെങ്കോട്ടയിലെത്തിച്ചു - ന്യൂഡല്‍ഹി
റിപ്പബ്‌ളിക് ദിനത്തില്‍ ട്രാക്‌ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടാണ് പഞ്ചാബി നടനായ ദീപ് സിദ്ധുവിനെയും ഇഖ്‌ബാല്‍ സിങ്ങിനെയും അറസ്റ്റ് ചെയ്‌തത്.
ട്രാക്‌ടര്‍ റാലിക്കിടെ നടന്ന ആക്രമണ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ദീപ് സിദ്ധു, ജഗ്‌രാജ് സിങ്, ഗുര്‍ജോട് സിങ്, ഗുര്‍ജന്ദ് സിങ് എന്നിവരെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് ഡല്‍ഹി പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ജഗ്‌ബീര്‍ സിങ്, ഭൂട്ട സിങ്, സുഖ്‌ദേവ് സിങ്, ഇഖ്‌പാല്‍ സിങ് എന്നിവരെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപയായിരുന്നു പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
റിപ്പബ്‌ളിക് ദിനത്തില്‍ നടന്ന സംഘര്‍ഷങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. നിലവില്‍ റിമാന്‍റിലാണ് ദീപ് സിദ്ധുവും ഇഖ്‌ബാല്‍ സിങ്ങും. ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇരുവരെയും രക്ഷപ്പെടാന്‍ സഹായം നല്‍കിയവരെക്കുറിച്ചും, അഭയം കൊടുത്തവരെക്കുറിച്ചും ക്രൈം ബ്രാഞ്ച് വിശദമായ അന്വേഷണം നടത്തും.