ന്യൂഡൽഹി: കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മാധ്യമപ്രവർത്തകരെ മുൻനിര തൊഴിലാളികളായി പ്രഖ്യാപിച്ചുകൊണ്ട് മുൻഗണന വാക്‌സിനേഷൻ ഉറപ്പാക്കണമെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ (ഇജിഐ) കേന്ദ്ര സർക്കാരോട് ആവശ്യപ്പെട്ടു. അവശ്യ സേവനങ്ങളിൽ ഉൾപ്പെട്ടവയാണ് വാർത്താമാധ്യമങ്ങൾ. സമകാലിക വാർത്തകൾ വായനക്കാരിലേക്ക് എത്തിക്കുന്നതിനായി മാധ്യമപ്രവർത്തകർ പരിശ്രമിക്കുന്നു. അതുകൊണ്ട് തന്നെ കൊവിഡ് വ്യാപനം അധികരിക്കുന്ന സാഹചര്യത്തിൽ മാധ്യമപ്രവർത്തകർക്ക് പരിരക്ഷ ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്നും ഇജിഐ പറഞ്ഞു.
മാധ്യമപ്രവർത്തകർക്ക് മുൻഗണന വാക്‌സിനേഷൻ ഉറപ്പാക്കണമെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ - covid 19
മാധ്യമപ്രവർത്തകരെ മുൻ നിര തൊഴിലാളികളായി പ്രഖ്യാപിക്കണമെന്ന് ഇജിഐ കേന്ദ്ര സർക്കാരോട് ആവശ്യപ്പെട്ടു.
വാക്‌സിനേഷൻ സംരക്ഷണമില്ലാതെ മാധ്യമ പ്രവർത്തകർ തങ്ങളുടെ തൊഴിൽ തുടരുന്നത് അപകടകരമാണെന്നും ഇജിഐ ചൂണ്ടിക്കാട്ടി. അതിനാൽ, ഈ നിർണായക ഘട്ടത്തിൽ മാധ്യമപ്രവർത്തകരെയും മുൻനിര തൊഴിലാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തി പ്രായഭേദമന്യേ എല്ലാ മാധ്യമപ്രവർത്തകർക്കും ഉടൻ വാക്‌സിനേഷൻ നൽകണമെന്നും ഇജിഐ കേന്ദ്രസർക്കാരോട് ആവശ്യപ്പെട്ടു. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് 2,00,739 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,40,74,564 ആയി ഉയർന്നു.