ന്യൂഡൽഹി: കോവിഷീൽഡിന്‍റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കുന്നതിനുള്ള തീരുമാനം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ സുതാര്യമായി എടുത്തതെന്ന് നാഷണല്‍ ടെക്‌നിക്കല്‍ അഡ്‌വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ (എൻടിഎജിഐ) ചെയർമാൻ എൻ.കെ. അറോറ അറിയിച്ചു. ഇത് സംബന്ധിച്ച് സംഘത്തിലെ അംഗങ്ങൾക്കിടയിൽ വിയോജിപ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോസുകൾ തമ്മിലുള്ള ഇടവേള 12 മുതൽ 16 ആഴ്‌ച വരെ
കൊവിഡ്-19 വർക്കിങ് ഗ്രൂപ്പിന്‍റെ ശുപാർശ അംഗീകരിച്ചതായും കോവിഷീൽഡ് വാക്‌സിൻ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ആറ് മുതൽ എട്ട് ആഴ്‌ചയിൽ നിന്ന് 12 മുതൽ 16 ആഴ്‌ചയായി നീട്ടിയതായും കേന്ദ്രസർക്കാർ മെയ് 13ന് വ്യക്തമാക്കിയിരുന്നു. അതേസമയം കോവാക്‌സിൻ ഡോസുകളുടെ ഇടവേളയിൽ മാറ്റമൊന്നും ശുപാർശ ചെയ്തിട്ടില്ലെന്നും കൊവിഡ്-19 വർക്കിങ് ഗ്രൂപ്പിന്‍റെ ശുപാർശ നാഷണൽ എക്‌സ്‌പേർട്ട് ഗ്രൂപ്പ് ഓൺ വാക്‌സിൻ അഡ്‌മിനിസ്ട്രേഷൻ ഫോർ കൊവിഡ് -19 (എൻഇജിവിഎസി) അംഗീകരിച്ചതായും ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.