ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പ്രവേശന പരീക്ഷയായ കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ്-യുജിയുടെ ആദ്യ ഘട്ടം ഇന്ത്യയിലെ 510ലധികം നഗരങ്ങളിലെയും വിദേശത്തെയും പരീക്ഷാകേന്ദ്രങ്ങളിൽ വെള്ളിയാഴ്ച ആരംഭിക്കും. 14.9 ലക്ഷം രജിസ്ട്രേഷനുകളാണ് കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റിന് (സിയുഇടി) വന്നിട്ടുള്ളത്. രാജ്യത്ത് ബിരുദ പ്രവേശനം നടത്തുന്ന രീതി മാറ്റിമറിക്കുന്ന പരീക്ഷയായാണ് സിയുഇടിയെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) വിലയിരുത്തുന്നത്.
ഏകദേശം 14,90,000 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. രണ്ട് ഘട്ടമായി നടത്തുന്ന പരീക്ഷയുടെ ആദ്യത്തേതില്‍ 8.1 ലക്ഷം വിദ്യാര്‍ഥികളും രണ്ടാമത്തേതിൽ 6.80 ലക്ഷം പേരും പരീക്ഷയെഴുതും. ഒന്നാം ഘട്ടം ജൂലായിലും രണ്ടാമത്തേത് ഓഗസ്റ്റിലുമാണ് നടക്കുക (ജൂലൈ 15 മുതൽ ഓഗസ്റ്റ് 20).
90 സർവകലാശാലകളിലായി 54,555 വിഷയങ്ങൾക്ക് വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് യുജിസി ചെയർമാൻ ജഗദീഷ് കുമാർ പറഞ്ഞു. പരീക്ഷാകേന്ദ്രം അറിയിച്ചുകൊണ്ടുള്ള സ്ലിപ്പും തീയതിയും കേന്ദ്രവും അടങ്ങുന്ന അഡ്‌മിറ്റ് കാർഡുകളും നൽകിയതായും അദ്ദേഹം പറഞ്ഞു. അതേസമയം അഡ്‌മിറ്റ് കാർഡുകൾ ലഭിക്കുന്നതിനുള്ള കാലതാമസവും പരീക്ഷയുടെ ഒന്നാം ഘട്ടത്തിൽ വരുന്നവർക്കുള്ള തയ്യാറെടുപ്പിനുള്ള സമയക്കുറവും വിദ്യാര്‍ഥികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
ചിലര്‍ കേന്ദ്രം മാറ്റാൻ അഭ്യർഥിച്ചതായും അത്തരം കാര്യങ്ങള്‍ എൻടിഎയുടെ പരിഗണനയിലാണെന്നും യുജിസി വ്യക്തമാക്കിയിട്ടുണ്ട്. പെർസെൻറ്റൈൽ ഫോർമാറ്റിലുള്ള എൻടിഎ സ്‌കോർ ആയിരിക്കും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. പരീക്ഷയെഴുതിയ മറ്റ് വിദ്യാര്‍ഥികളുമായുള്ള സ്ഥാനത്തെ സ്കോർ സൂചിപ്പിക്കും. മിനിമം യോഗ്യതാമാനദണ്ഡങ്ങൾ നിശ്ചയിക്കാൻ കഴിയുന്ന 45 കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിന് 12ാം ക്ലാസ് മാർക്കിനുപകരം, സിയുഇടി സ്കോറുകൾ നിർബന്ധമാണെന്ന് യുജിസി മേധാവി, മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു.
പുതിയ സംവിധാനത്തിൽ സംസ്ഥാന ബോർഡുകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും യുജിസി വ്യക്തമാക്കി. 2022-23 അധ്യയന വര്‍ഷത്തെ യുജി പ്രവേശനത്തിനുള്ള സിയുഇടി യുടെ ആദ്യ പതിപ്പിൽ 44 കേന്ദ്ര സർവകലാശാലകൾ, 12 സംസ്ഥാന സർവകലാശാലകൾ, 11 ഡീംഡ് സർവകലാശാലകൾ, 19 സ്വകാര്യ സർവകലാശാലകൾ എന്നിവ അപേക്ഷിച്ചിട്ടുണ്ട്. സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചതിന് ശേഷം ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള സമയപരിധി നിശ്ചയിക്കാൻ യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മിഷൻ ബുധനാഴ്ച സർവകലാശാലകളോട് ആവശ്യപ്പെട്ടിരുന്നു.