ബെർഹാംപൂർ : പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ (Murshidabad) സെപ്‌റ്റിക് ടാങ്ക് നന്നാക്കവേ വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികൾ മരിച്ചു (Death While Cleaning Septic Tank in Bengals Berhampore). ഹരിഹർപാറ പോലീസ് സ്റ്റേഷൻ (Hariharpara Police Station) പരിധിയിലെ മദർതല (Madartala) പ്രദേശത്ത് തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. റജബ് അലി, മജു ഷെയ്ഖ്, മോനിറുൾ ഷെയ്ഖ് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ടാങ്കിൽ അകപ്പെട്ട മറ്റൊരാളുടെ നില ഗുരുതരമാണ്. ഇയാൾ ഇപ്പോൾ മുർഷിദാബാദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ടാങ്കിനുള്ളിൽ വിഷവാതകം രൂപപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് ഹരിഹർപാറ പൊലീസിന്‍റെ പ്രാഥമിക നിഗമനം.
മദർതല നിവാസിയായ അർസെലിം ഷെയ്ഖിന്‍റെ വീട്ടിൽ നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിലാണ് ദാരുണ സംഭവം. കോൺക്രീറ്റ് സ്ലാബുകൾ ഉപയോഗിച്ച് അടച്ചുവച്ച നിലയിലായിരുന്നു ടാങ്ക്. ടാങ്കിനകത്തെ തേപ്പ് പൂർത്തിയാക്കാനാണ് തൊഴിലാളികൾ അകത്തേക്ക് പോയത്.
ടാങ്കിൽ ആദ്യം കയറിയത് റജബ് അലിയാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. റജബ് ഇറങ്ങി ഒരു മിനിറ്റിനുള്ളിൽ സഹായത്തിനായി നിലവിളിച്ചു. ഇതോടെയാണ് മജു ഷെയ്ഖ്, മോനിറുൾ ഷെയ്ഖ് എന്നിവരും മറ്റൊരു തൊഴിലാളിയും ടാങ്കിലേക്കിറങ്ങുന്നത്. എന്നാൽ രക്ഷിക്കാൻ ടാങ്കിലിറങ്ങിയവർക്കും തിരികെ കയറിവരാൻ കഴിഞ്ഞില്ല.