അങ്കാറ:തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 15, 383 ആയി. അപകടത്തെ തുടര്‍ന്ന് തുര്‍ക്കിയില്‍ മാത്രം 12,392 പേര്‍ മരിക്കുകയും 62,914 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. അതേസമയം സിറിയയില്‍ അപകടത്തില്‍ മരിച്ചത് 2,992 പേരും പരിക്കേറ്റവര്‍ 5,108 ആയി ഉയരുകയും ചെയ്‌തതായി തുര്‍ക്കിയുടെ ദുരന്ത നിവാരണ ഏജന്‍സിയായ എഎഫ്എഡി അറിയിച്ചു.
ദുരിതം വിതച്ച് ഭൂകമ്പം: ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് തെക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും ഭൂകമ്പമുണ്ടായത്. തുര്‍ക്കിയിലെ ഗസിയാന്‍ടൈപ്പിലാണ് ആദ്യ ഭൂകമ്പമുണ്ടായത്. ഇതിന് പിന്നാലെ ഉച്ചയോടെ രണ്ടാമത്തെ ഭൂകമ്പവുമുണ്ടായി. തുടര്‍ന്ന് മൂന്നാമത്തേത് വൈകിട്ടും സംഭവിച്ചു. റിക്‌ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.
അപകടത്തില്‍പ്പെട്ടതില്‍ അധികവും കുട്ടികളാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. അപകടത്തില്‍ നിലം പൊത്തിയ കെട്ടിടങ്ങളില്‍ പതിനായിര കണക്കിനാളുകള്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നു. രക്ഷ പ്രവര്‍ത്തനം ഈര്‍ജിതമാണെങ്കിലും പ്രതികൂല കാലാവസ്ഥ പ്രയാസം സൃഷ്‌ടിക്കുന്നുണ്ട്.
ദുരന്ത മേഖല സന്ദര്‍ശിച്ച് തുര്‍ക്കി പ്രസിഡന്‍റ്: തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഭൂകമ്പ ദുരന്തത്തിന്‍റെ വ്യാപ്‌തി വര്‍ധിപ്പിച്ചത് പ്രതികൂല കാലാവസ്ഥയാണെന്ന് ദുരന്ത ബാധിത മേഖല സന്ദര്‍ശിച്ച തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദോഗന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ നിരവധി പോരായ്‌മകളുണ്ടെന്നും രക്ഷാപ്രവര്‍ത്തനം എളുപ്പമല്ലെന്നും ജനങ്ങളില്‍ ആരെയും ശ്രദ്ധിക്കാതെ വിടില്ലെന്നും എര്‍ദോഗന്‍ പറഞ്ഞു.
സൈനികരും പൊലീസ് ഉദ്യോഗസ്ഥരും അടക്കം 21,200 പേരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. തിങ്കളാഴ്‌ചയുണ്ടായ രണ്ട് ഭൂകമ്പങ്ങളിലുമായി 6,444 കെട്ടിടങ്ങളാണ് തകര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്ഷാപ്രവര്‍ത്തനത്തിനായി മുഴുവന്‍ സജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും റജബ് ത്വയ്യിബ് ഉര്‍ദോഗന്‍ കൂട്ടിച്ചേര്‍ത്തു.
അടിയന്തരാവസ്ഥയും ദുരിതാശ്വാസ ക്യാമ്പുകളും: ലോകത്തെ നടുക്കിയ തുര്‍ക്കി സിറിയ ഭൂകമ്പത്തെ തുടര്‍ന്ന് ഭൂകമ്പ ബാധിത മേഖലയില്‍ ഉള്‍പ്പെട്ട ഇടങ്ങളില്‍ മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭൂചലനത്തെ തുടര്‍ന്ന് തുര്‍ക്കിയില്‍ ഏഴ് ദിവസം ദുഖാചരണം ആചരിക്കുന്നുണ്ട്. അപ്രതീക്ഷിതമായി എത്തിയ ദുരന്തം 13 ദശ ലക്ഷത്തിലധികം ആളുകളെ ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍.
ദുരന്തത്തില്‍ കിടപ്പാടം നഷ്‌ടപ്പെട്ടവരെയും അനാഥരായവരെയും ഉള്‍പ്പെടെയുള്ള മുഴുവന്‍ ആളുകളെയും മാറ്റിപാര്‍പ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഭൂകമ്പത്തില്‍ നാശനഷ്‌ടമുണ്ടായവര്‍ക്കായി സിറിയയിലെ സര്‍ക്കാര്‍ നിയന്ത്രിത മേഖലയായ അലപ്പോ, ഹമ, ഹോംസ്,ടാര്‍ട്ടസ്, ലതാകിയ എന്നിവിടങ്ങളില്‍ 100ലധികം ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് സിറിയന്‍ സര്‍ക്കാര്‍ അറിയിച്ചു. രണ്ട് രാജ്യങ്ങളിലുമായി രണ്ട് കോടിയിലധികം ജനങ്ങള്‍ ദുരിത ബാധിതരായിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്.
കേരളത്തിന്‍റെ കൈതാങ്ങ്: തുര്‍ക്കി- സിറിയ ഭൂകമ്പ ദുരിതത്തിന് ഇരയായവരെ ചേര്‍ത്ത് പിടിക്കുന്നതില്‍ കൈതാങ്ങായി കേരളവും. ദുരിത ബാധിതരെ സഹായിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ നല്‍കുമെന്ന് നിയമ സഭയില്‍ ധനമന്ത്രി എ.കെ ബാലഗോപാല്‍ പറഞ്ഞു. അപകടത്തില്‍ ജിവന്‍ പൊലിഞ്ഞവര്‍ക്ക് നിയമസഭ കഴിഞ്ഞ ദിവസം ആദരാഞ്ജലികളര്‍പ്പിച്ചു. തകര്‍ന്ന് പോയ രാജ്യങ്ങളെ സഹായിക്കുന്നതിനും ജീവിതം പൂര്‍വ്വ സ്ഥിതിലാക്കുന്നതിനുമായി മറ്റ് രാജ്യങ്ങള്‍ക്കൊപ്പം കേരളവും കൈകോര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.