മുംബൈ : ബാർജ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി ഉയർന്നു. പുതുതായി നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതായി നാവികസേന അറിയിച്ചു. ബാർജിൽ നിന്നും ടഗ് ബോട്ട് വരപ്രദയിൽ നിന്നും കാണാതായ 16 പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ തീരങ്ങളിൽ നിന്ന് 14 മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ബാർജ്, ടഗ് ബോട്ട് ഉദ്യോഗസ്ഥരുടെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചാൽ കാണാതായവരുടെ പട്ടിക വളരെ കുറവായിരിക്കുമെന്ന് നാവികസേന അറിയിച്ചു.
ALSO READ:മുംബൈ ബാർജ് അപകടം: കാണാതായവരിൽ പത്തനംതിട്ട സ്വദേശിയും
കരയിൽ കണ്ടെത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എട്ട് മൃതദേഹങ്ങൾ മഹാരാഷ്ട്രയിലെ റായ്‌ഗഡ് തീരത്ത് നിന്ന് കണ്ടെടുത്തിരുന്നു. ആറ് മൃതദേഹങ്ങൾ ഗുജറാത്തിലെ വൽസാദ് തീരത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഊര്‍ജിതമായ തിരച്ചിലാണ് നാവികസേന നടത്തിവരുന്നത്.
ALSO READ:ടൗട്ടെ ചുഴലിക്കാറ്റിൽ കാണാതായ ബാർജ് പി 305 കണ്ടെത്തി
188 പേരെ നേരത്തേ രക്ഷപ്പെടുത്തിയിരുന്നു. ടൗട്ടെ ചുഴലിക്കാറ്റ് ആഞ്ഞടിച്ച തിങ്കളാഴ്ച മുംബൈയില്‍ നിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള കടലിലാണ് ബാര്‍ജ് മുങ്ങിപ്പോയത്. എണ്ണഖനനവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്ന 261 പേരാണ് ഉണ്ടായിരുന്നത്. മറ്റ് രണ്ട് ബാര്‍ജിലെ 144 പേരെ നേരത്തെ കരയ്‌ക്കെത്തിച്ചിരുന്നു.